Friday, May 10, 2024
spot_img

വടകരയിലെ കാഫിര്‍ ഇല്യൂമിനാറ്റി… ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? മതനിരപേക്ഷത തോട്ടിലെറിഞ്ഞ് മുന്നണികള്‍

വടകരയിലെ യഥാര്‍ത്ഥ കാഫിര്‍ ആരാണ്..? ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? വടകരയിലെ ചോദ്യങ്ങള്‍ ഇതൊക്കെയാണ. തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടുകൂടി മണ്ഡലത്തിലെ പ്രചരണത്തിന്റെ നിറവും ആഴവും എല്ലാം മാറി. കേരളത്തിലെ എല്ലാ മണ്ഡലങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു വടകര. വാശി ഏറിയ പോരാട്ടത്തില്‍ ആദ്യന്തം നാടകീയമായ ട്വിസ്റ്റുകള്‍. അത് പോളിംഗ് ദിവസത്തിനു ശേഷവും മാറ്റമില്ല. കാഫിര്‍ വിവാദമാണ് തെരഞ്ഞെടുപ്പിനു ശേഷം പൊട്ടുന്നത്.

വടകരയുടെ മണ്ണ് പണ്ടേ ചുവന്നതാണ്. വിപ്‌ളവകാരികളുടെ സ്മരണ തുടിക്കുന്ന നാടിന്റെ ഇടതു രാഷ്്ട്രീയം ഉലയുന്നത് ടി പി ചന്ദ്രശേഖരന്റെ അരുംകൊലയോടെയാണ്. അന്നു മുതല്‍ ആ നാട്ടുകാര്‍ സിപിഎമ്മുകാരെ വിജയിക്കാന്‍ തയ്യാറായിട്ടില്ല. എങ്ങനെയും മണ്ഡലം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ്പഴയ ആരോഗ്യമന്ത്രി കെ കെ ശൈലജയെ അവിടെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. സിറ്റിംഗ് എം പി മുരളീധരനെ മാറ്റി അവിടെ ഷാഫി പറമ്പിലിനെ യുഡിഎഫ് എത്തിച്ചത് ഒരു വെടിക്ക് രണ്ടു പക്ഷി എന്ന കുരുട്ടു ബുദ്ധിയുടെ കൂടി ഫലമായിരുന്നു. സുരേഷ് ഗോപി മണ്ഡലം എടുക്കുന്നതു തടയാന്‍ ശക്തനായ സ്ഥാനാര്‍ത്ഥി എന്ന വിശേഷണത്തോടെയാണ് മുരളീധരനെ തൃശൂരിലേയ്ക്ക് അലങ്കരിച്ചു വിട്ടത്. എങ്കിലും വടകരയില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി ആയെത്തിയ ഷാഫി പറമ്പിലിന്റെ നിയോഗം മുസ്‌ളിം വോട്ടുകളുടെ ഏകോപനം തന്നെയായിരുന്നു. ആ വോട്ടില്‍ കണ്ണുനട്ടു തന്നെയാണ് യുഡിഎഫ് ഷാഫിയെ പ്‌ളേസ് ചെയ്യുന്നത്. തുടര്‍ന്ന് ഇന്നുവരെ കാണാത്ത പ്രചാരണ കോലാഹലങ്ങളാണ് വടകരയില്‍ കണ്ടത്. അശ്‌ളില വീഡിയോ ആരോപണം മുതല്‍ സോഷ്യല്‍ മീഡിയ അറ്റാക്ക് വരെ. ആരോപണവും പ്രത്യാരോപണവും ആരോപണം തിരുത്തലും ഒക്കെ കണ്ടു. പോലീസ് കേസുമുണ്ടായി… അതൊക്കെ ആ വഴിക്കു നടക്കട്ടെ. ഇപ്പോള്‍ കാഫിര്‍ ആരോപണമാണ് വിഷയം

ഒരു വാട്‌സ്ആപ് മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടാണ് വിവാദവിഷയം. അതില്‍ പറയുന്നതാവട്ടെ തനി വര്‍ഗ്ഗീയതയും . കാഫിര്‍ ആയ ഏതോ സ്ത്രീ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നു. നമ്മള്‍ അവര്‍ക്കല്ല, വിശ്വാസിക്കാണ് വോട്ടു ചെയ്യേണ്ടത് എന്നാണ് ആ മെസേജിന്റെ ഉള്ളടക്കം . മതനിരപേക്ഷത തകര്‍ത്ത് സൃഷ്ടിച്ച ആ വര്‍ഗ്ഗീയകാര്‍ഡില്‍ വോട്ടുകളുടെ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. ഇത് വ്യാജമാണെന്ന് ഷാഫി പറമ്പിലും സംഭവത്തിന് പിന്നില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തന്നെയെന്ന് കെ.കെ. ശൈലജയും പ്രതികരിച്ചു. കാഫിര്‍ എന്ന് വിളിച്ചുള്ള വോട്ട് വേണ്ടെന്നും വാക്കിലോ, പ്രവൃത്തിയിലോ എനിക്കൊരു മതത്തിന്റെയും പ്ലസ് വേണ്ടെന്നുമൊക്കെ ഷാഫി പറഞ്ഞു. വര്‍ഗീയതയുടെ പട്ടം ചാര്‍ത്തി കിട്ടുന്നത് രസകരമായ അനുഭവമല്ലെന്നും ഷാഫി വികാരപരമായി പ്രതികരിച്ചു. ശരിയാണ്, വളരെ ശരിയാണ് വര്‍ഗീയതയുടെ പട്ടം ചാര്‍ത്തി കിട്ടുന്നത് ആര്‍ക്കും രസകരമായ അനുഭവമല്ല. ബാക്കിയുള്ളവരെ ഈ പേരു വിളിക്കുമ്പോഴും ഈ നിലപാടു തന്നെ ഷാഫിക്ക് ഉണ്ടാകുമല്ലോ അല്ലേ, പണ്ട് അഴീക്കോട്ടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ , മുസ്ലിം അല്ലാത്തവര്‍ക്ക് വോട്ട് ചെയ്താല്‍ സ്വര്‍ഗ്ഗത്തില്‍ പോകില്ലെന്ന് പറഞ്ഞവരുടെ കൂടെ നിന്നു വേണം ഷാഫി ഇതു പറയാന്‍ എന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു. കെ എം ഷാജി സാറിനോട് ചോദിച്ചാല്‍ മതിയല്ലോ , കൂടുതല്‍ പറഞ്ഞു തരും

മെസേജ് വ്യാജ പ്രചരണമല്ല എന്നുറപ്പിക്കുകയാണ് സിപിഎം സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. കാഫിറായ കെ.കെ. ശൈലജയ്ക്ക് വോട്ട് ചെയ്യരുത് എന്ന ഓഡിയോ സന്ദേശവും സാമൂഹ്യമാധ്യമ പോസ്റ്റുകളും അവര്‍ തെളിവായി നിരത്തി . ഇത്തരം വര്‍ഗീയ സന്ദേശങ്ങള്‍ക്കുപിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണെന്നു വിശ്വസിക്കുന്നു എന്നാണ് ശൈലജ പറഞ്ഞത്. അത്തരം പോസ്റ്റുകള്‍ വന്ന പേജുകള്‍ യു.ഡി.എഫ്. പ്രവര്‍ത്തകരുടേതാണെന്നും സന്ദേശം വ്യാജമാണെന്ന് എതിര്‍ സ്ഥാനാര്‍ത്ഥി തന്നെ സ്വയം തെളിയിക്കട്ടെ എന്നും ശൈലജ പറഞ്ഞു. അങ്ങനെയെങ്കില്‍ ഒരുകാര്യമുണ്ട്. ആരോപണങ്ങള്‍ സ്വയം തെളിയിക്കേണ്ടിവന്നാല്‍ ശൈലജ നേരത്തേ ഉന്നയിച്ച അശ്‌ളീല വീഡിയോ ആരോപണം ആരു തെളിയിക്കണം..? ഉത്തരം വേണമെന്നില്ല. തൃപ്പൂണിത്തുറയിലെ സ്വന്തം പാര്‍ട്ടിക്കാരന്‍ സഖാവ് സുരാജ് അയ്യപ്പന്റെ ഒരു സ്‌ളിപ്പ്് ഉണ്ടെന്നു പറഞ്ഞ് സുപ്രീംകോടതി വരെ പോയി വന്നിട്ട് അതിന്റെ ഫോട്ടോസ്റ്റാറ്റു പോലും ആരും കണ്ടിട്ടില്ല. മാത്രമല്ല, മാഷാ അള്ളാ സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവാ ബുദ്ധി കേന്ദ്രം ഇപ്പോഴും ഓര്‍ക്കാട്ടേരി ഭാഗത്തു തന്നെയില്ലേ. ഇതൊക്കെ ഓര്‍മ്മിക്കുമ്പോള്‍ ശൈലജയുടെ കമ്മിവചനങ്ങളും ആരുംവിശ്വസിക്കില്ല

വടകരയില്‍ ഏതാണ്ട് മൂന്നിലൊന്നു വോട്ടര്‍മാരും മുസ്‌ളിം സമുദായത്തില്‍ പെട്ടവരാണ്. ഇവിടുത്തെ പ്രചാരണത്തിലെല്ലാം നിറഞ്ഞത് തനി വര്‍ഗ്ഗീയ ചുവയുള്ള വാചകങ്ങളായിരുന്നു. അതി്‌ന്റെ കൊട്ടിക്കലാശമാണ് യഥാര്‍ത്ഥത്തില്‍ ഈ മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട്. ഭൂരിപക്ഷത്തെ ന്യൂനപക്ഷത്തിനെതിരേ തിരിക്കുക, ന്യൂനപക്ഷം വര്‍ഗ്ഗീയവാദികളാണെന്ന പ്രചരണം അണ്ടര്‍ഗ്രൗണ്ടുവഴി നടത്തുകയാണ് മതനിരപേക്ഷത പറയുന്ന അണികള്‍ ചെയ്തത്. അങ്ങനെ മുസ്ലിം വര്‍ഗ്ഗീയത ഒരു കക്ഷത്തിലും ഹിന്ദു വര്‍ഗ്ഗീയത മറുകക്ഷത്തിലും ഒതുക്കിയാണ് ഇടതുപക്ഷം ഇവിടെ പ്രചാരവേല നടത്തിയത്. മുസ്‌ളിംങ്ങള്‍ ഷാഫിയ്ക്കു ഒന്നടങ്കം വോട്ടു ചെയ്യുമ്പോള്‍ മതേതരം കാത്തു സൂക്ഷിക്കാന്‍ ഭൂരിപക്ഷ സമുദായം മാത്രമേയുള്ളൂ എന്ന നരേഷന്‍… കാരണം മതേതരം എന്നത് ഭൂരിപക്ഷത്തിന്റെ ബാദ്ധ്യതയും കടമയുമാണല്ലോ. അതിബുദ്ധിയുള്ള പൊന്മാന്‍ പൊട്ടക്കിണറ്റില്‍ പോയി മുട്ടയിടും എന്ന അവസ്ഥയിലാണപ്പോള്‍ സിപിഎം എന്നു പറയാതെ വയ്യ. ജൂണ്‍ നാലു വരെ വെയ്റ്റു ചെയ്യാം , ബാക്കി അപ്പോള്‍

Related Articles

Latest Articles