Friday, September 25, 2026

‘ മുജാഹിദുകൾക്ക് തീവ്രവാദ പരിശീലനം നൽകി‘; വെളിപ്പെടുത്തലുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുജാഹിദുകൾക്ക് തീവ്രവാദ പരിശീലനം നൽകിയിരുന്നെന്ന വെളിപ്പെടുത്തലുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അന്താരാഷ്ട്ര മാദ്ധ്യമമായ റഷ്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് ഇമ്രാന്‍റെ വെളിപ്പെടുത്തൽ.

എൺപതുകളിൽ റഷ്യ അഫ്ഗാനിസ്ഥാനിൽ ഇടപെടൽ നടത്തിയപ്പോൾ ജിഹാദ് ചെയ്യാൻ മുജാഹിദീനുകൾക്ക് പാകിസ്ഥാൻ പരിശീലനം നൽകിയിരുന്നെന്നും അതിന് അമേരിക്കൻ ധനസഹായം ലഭിച്ചിരുന്നെന്നും ഇമ്രാൻ വ്യക്തമാക്കി.

അന്ന് റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യാൻ ഉപയോഗിച്ച അതേ ഭീകരർ ഇന്നും പാകിസ്ഥാനിലുണ്ട്. എൺപതുകളിൽ അവർ അമേരിക്കക്ക് ഭീകരർ ആയിരുന്നില്ല. പിന്നെ ഇന്ന് അവർ എങ്ങനെയാണ് അമേരിക്കക്കും സി ഐ എക്കും ഭീകരർ ആകുന്നതെന്നും ഇമ്രാൻ ചോദിച്ചു.

അഫ്ഗാനിസ്ഥാനിലെ കാബൂളിൽ അടുത്തയിടെ ഉണ്ടായ താലിബാൻ ആക്രമണത്തിൽ ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ താലിബാനുമായുള്ള സമാധാന ചർച്ചകൾ നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചിരുന്നു. മാത്രമല്ല പാകിസ്ഥാൻ ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും അമേരിക്ക ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് അമേരിക്കയ്ക്കെതിരെ പുതിയ ആരോപണവുമായി ഇമ്രാൻ ഖാൻ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഭീകരവാദികൾക്ക് പാകിസ്ഥാൻ മണ്ണിൽ സ്ഥാനമില്ലെന്നും തങ്ങൾ ഭീകരവാദത്തിന്റെ ഇരയാണെന്നുമുള്ള പാകിസ്ഥാൻ വാദം കപടമാണെന്ന് അടിവരയിടുന്നതാണ്, പാകിസ്ഥാൻ മുജാഹിദുകൾക്ക് തീവ്രവാദ പരിശീലനം നൽകിയിരുന്നുവെന്ന പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള വെളിപ്പെടുത്തൽ.

Related Articles

Latest Articles