ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇമ്രാൻ ഖാന്റെ അടിത്തറ ഇളകുന്നു(Imran Khan In Trouble). അവസാന പിടിവള്ളിയായ സൈന്യവും ഇമ്രാനെ കൈവിട്ടതായാണ് റിപ്പോർട്ട്. ഇപ്പോഴിതാ അധികാരം നിലനിർത്തുന്നത്തിനായി പാക് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഇമ്രാന്‍ ഖാനെന്നാണ് വിവരം.
സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്ന വിമതന്മാരെ അയോഗ്യരാക്കണമെന്നാണ് ഇമ്രാൻ സുപ്രീംകോടതിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഇതിനായി ഭരണഘടന വ്യവസ്ഥയില്‍ വ്യക്തത വേണമെന്നാണ് ഇമ്രാന്‍റെ ഹര്‍ജി.അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാൻ ആണ് ഹർജി നൽകിയത്. പാർട്ടിക്കെതിരെ വോട്ടു ചെയ്യുന്നവരെ അയോഗ്യരാക്കാമെന്ന് ഭരണഘടനയിൽ പറയുന്നുണ്ടെങ്കിലും കാലാവധിയെപ്പറ്റി വ്യക്തതയില്ല. ഇതിലാണ് ഇമ്രാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.
ഈ നടപടിയിലൂടെ ആജീവനാന്ത വിലക്ക് പേടിച്ച് വിമതര്‍ തിരിച്ച് ഇമ്രാന്‍റെ പാളയത്തില്‍ എത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. വിമതരായ 24 പേരെയും തിരിച്ചെത്തിക്കാനായി കഠിനശ്രമമാണ് ഇമ്രാന്‍റെ ഭാഗത്ത് നിന്നും നടക്കുന്നത്. സ്നേഹമുള്ള പിതാവിനെപ്പോലെ താൻ എല്ലാവരോടും ക്ഷമിക്കുമെന്നുമാണ് ഇമ്രാന്റെ വാക്കുകൾ. വെള്ളിയാഴ്ച തുടങ്ങാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. 342 അംഗ പാർലമെന്റിൽ 172 വോട്ട് ആണ് ഭൂരിപക്ഷത്തിന് വേണ്ടത്. പ്രതിപക്ഷകക്ഷിയായ പാകിസ്ഥാൻ മുസ്ലിം ലീഗ്– നവാസ് വിഭാഗം, പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവരുടെ എംപിമാരാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
ഇവര്‍ക്കൊപ്പം ഇമ്രാന്‍റെ പാര്‍ട്ടി വിമതന്മാരും ചേര്‍ന്നാല്‍ സര്‍ക്കാര്‍ താഴെവീഴും. സ്നേഹമുള്ള പിതാവിനെപ്പോലെ താൻ എല്ലാവരോടും ക്ഷമിക്കുമെന്നാണ് അനുനയത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം വിമതര്‍ക്ക് ഇമ്രാന്‍ നല്‍കിയ സന്ദേശം. എന്നാല്‍ ഇതുവരെ പ്രശ്നം പരിഹാരമില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഇമ്രാന്‍ സ്ഥാനമൊഴിയുന്നതാണ് നല്ലത് എന്നാണ് പാക് സൈന്യത്തിന്‍റെ അഭിപ്രായം എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാനിൽ നടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ സമ്മേളനത്തിനു ശേഷം സ്ഥാനമൊഴിയണമെന്ന് പാക് കരസേന മേധാവി ലഫ്. ജനറൽ ഖമർ ജാവേദ് ബജ്വ ഇമ്രാനോട് നിര്‍ദേശിച്ചതായി പാക് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്. ഇതോടെ സൈന്യവും ഇമ്രാനെ കൈയ്യൊഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം വിദേശ നയത്തിന്‍റെ പേരില്‍ ഇന്ത്യയെ പുകഴ്ത്തി ഇന്നലെ ഇമ്രാന്‍ ഖാന്‍ രംഗത്ത് എത്തിയിരുന്നു.

