Sunday, June 16, 2024
spot_img

ഇമ്രാൻ ഖാന്റെ അറസ്റ്റ് ; പാകിസ്ഥാനിൽ വൻ സംഘർഷം; റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി; ഇമ്രാനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാനെ അർദ്ധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സ് ഹൈക്കോടതിയുടെ പുറത്ത് നിന്ന് അറസ്റ്റ് ചെയ്ത സംഭവത്തെത്തുടർന്ന് പാകിസ്ഥാനിൽ വൻസംഘർഷം. ഇമ്രാന്റെ തെഹ് രികെ ഇൻസാഫ് പാർട്ടിയുടെ പ്രതിഷേധമാണ് അക്രമാസക്തമായത്.പ്രതിഷേധക്കാർ റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറി. കറാച്ചിയിൽ സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കി. പാക് എയർഫോഴ്സ് മെമ്മോറിയൽ പ്രതിഷേധക്കാർ തകർത്തു. സൈനിക ഉദ്യോ​ഗസ്ഥരുടെ വീടിന് നേരെയും ആക്രമണമുണ്ടായി.

അഴിമതിക്കേസിൽ ഹാജരാകാനായി വൻ വാഹനവ്യൂഹവുമായി ഉച്ച തിരിഞ്ഞ് കോടതിയിലെത്തിയ ഇമ്രാനെ പാക് റെയ്ഞ്ചേഴ്സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത മ്രാൻ ഖാനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇമ്രാനെ റേയ്ഞ്ചേഴ്സ് ക്രൂരമായി മർദ്ദിച്ചെന്ന് തെഹ്‍രികെ ഇൻസാഫ് പാർട്ടി നേതാക്കൾ ആരോപിച്ചു. ഇമ്രാന്‍റെ അഭിഭാഷകനും മർദ്ദനമേറ്റിട്ടുണ്ട് . തു‍ടർന്നാണ് രാജ്യ വ്യാപക പ്രതിഷേധത്തിന് പാർട്ടി ആഹ്വാനം ചെയ്തത്.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ ഇമ്രാൻഖാന്റെ അറസ്റ്റിന് ശേഷം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഭൂമി ഇടപാടിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. നേരത്തെ പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്നു ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലയ്ക്കു വിറ്റെന്നും ഇതിന്റെ കണക്കുകൾ മറച്ചുവച്ച് നികുതി വെട്ടിച്ചെന്നതുമായി ബന്ധപ്പെട്ട തോഷഖാന കേസിൽ ഇമ്രാനെ അറസ്റ്റ് ചെയ്യാൻ ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും അറസ്റ്റ് നടന്നിരുന്നില്ല. വീടിനു പുറത്ത് തമ്പടിച്ച പാർട്ടി അനുയായികളുടെ സഹായത്തോടെയാണ് ഇമ്രാൻ പിടികൊടുക്കാതെ പിടിച്ചുനിന്നത്. ഇതേത്തുടർന്ന് പൊലീസും ഇമ്രാന്റെ അനുയായികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു.

ഇക്കഴിഞ്ഞ മാർച്ചിൽ തോഷഖാന ബന്ധപ്പെട്ട് ഇമ്രാനെ അറസ്റ്റ് ചെയ്യാൻ നടത്തിയ ശ്രമം വൻ സഘർഷത്തിലാണ് അവസാനിച്ചത്. തുടർന്ന് മാർച്ച് 7ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വാറന്റ് റദ്ദാക്കണമെന്ന് ഹർജി നൽകിയെങ്കിലും 13ന് മുൻപ് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. എന്നാൽ ജീവന് ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഇമ്രാൻ കോടതിയിലെത്തിയില്ല. ഇതോടെ ജാമ്യമില്ലാ വാറന്റ് അയച്ചിരുന്നു.

Related Articles

Latest Articles