Monday, May 20, 2024
spot_img

ന്യൂനപക്ഷ ആനുകൂല്യങ്ങളുടേയും സ്കോളർഷിപ്പിന്റെയും കാര്യത്തിൽ ഇടത് വലത് മുന്നണികൾക്ക് ക്രിസ്ത്യാനികളോട് ചിറ്റമ്മ നയം ! രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ .സുരേന്ദ്രൻ

കൽപ്പറ്റ : ന്യൂനപക്ഷ ആനുകൂല്യങ്ങളുടേയും സ്കോളർഷിപ്പിന്റെയും കാര്യത്തിൽ ക്രിസ്ത്യാനികളോട് ചിറ്റമ്മ നയമാണ് കേരളത്തിൽ കാലാകാലങ്ങളായി ഭരിച്ച രണ്ട് മുന്നണികളും സ്വീകരിക്കുന്നതെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് ,മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ 80 ശതമാനം മുസ്ലിംങ്ങൾക്ക് നൽകുമ്പോൾ ക്രിസ്ത്യാനികൾക്ക് 20% മാത്രമാണ് ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, 80:20 അനുപാതം നീതിയല്ലെന്നും വ്യക്തമാക്കി. കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ .സുരേന്ദ്രൻ.

“ജനസംഖ്യാനുപാതത്തിലാണ് ആനുകൂല്യങ്ങൾ നൽകേണ്ടത്. ക്രിസ്ത്യാനികൾക്ക് അർഹമായ ആനുകൂല്യം നൽകണമെന്ന് പറയുന്ന ഓരേ ഒരു പാർട്ടി ബിജെപി മാത്രമാണ്. പ്രധാനമന്ത്രി പറഞ്ഞത് കോൺ​ഗ്രസിന്റെ മുൻ പ്രധാനമന്ത്രി മൻമോഹൻസി​ഗിന്റെ പ്രസം​ഗമാണ്. തന്റെ സർക്കാർ വിഭവങ്ങൾ പങ്കുവെക്കുമ്പോൾ മുസ്ലിം വിഭാ​ഗത്തിനാണ് പ്രഥമ പരി​ഗണന കൊടുക്കുകയെന്ന് മൻമോഹൻ പറഞ്ഞത് എല്ലാവരും കണ്ടതാണ്. എന്നാൽ മോദി സർക്കാർ എല്ലാവർക്കും തുല്യ പരി​ഗണനയാണ് കൊടുക്കുന്നത്.

ഇൻഡി സഖ്യത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ രാഹുൽഗാന്ധിക്ക് വേണ്ടി എല്ലാ സംസ്ഥാനങ്ങളിലും പ്രചരണം നടത്തുന്ന സിപിഎം കേരളത്തിൽ മാത്രം അദ്ദേഹത്തെ അം​ഗീകരിക്കാത്തത് അപഹാസ്യമാണ്. വയനാട്ടിലെ ഇടത് സ്ഥാനാർത്ഥിയുടെ ഭർത്താവ് പോലും ദില്ലിയിൽ രാഹുലിനെ കെട്ടിപിടിച്ച് പ്രധാനമന്ത്രിയാവാൻ ആശംസിക്കുകയാണ്. രാജസ്ഥാനിൽ സിപിഎമ്മിൻ്റെ സീറ്റ് പ്രഖ്യാപിച്ചത് കെ.സി വേണുഗോപാലാണ്. കേരളത്തിൽ മാത്രം രാഹുലിനെ അംഗീകരിക്കില്ലെന്നാണ് ഇടതുപക്ഷത്തിൻ്റെ നിലപാട്. അവ്യക്തതയും ആശയകുഴപ്പവും പരിഹാസവുമാണ് സിപിഎമ്മിന്റെയും കോൺ​ഗ്രസിന്റെയും നിലപാട്.

പ്രധാനമന്ത്രി കേരളത്തിലെ അഴിമതിയെ കുറിച്ച് കൃത്യമായി പറഞ്ഞിട്ടും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മറുപടിയില്ല. സംസ്ഥാനത്ത് എല്ലാ അഴിമതിയും കൊള്ളയും പരസ്പര സഹകരണത്തിലൂടെ മൂടിവെക്കുകയാണ് രണ്ട് മുന്നണികളും ചെയ്യുന്നത്. മലപ്പുറത്ത് മുസ്ലിംലീഗിൻ്റെ കൊടി ഉയർത്തുന്നത് എൽഡിഎഫാണ്. വർഗീയത ഉയർത്തി പിടിച്ചാണ് രണ്ട് മുന്നണികളും മത്സരിക്കുന്നത്. ലീ​ഗിന്റെ കൊടി ഉയർത്തിയാൽ ബിജെപി ഉത്തരേന്ത്യയിൽ പ്രചരണം നടത്തുമെന്നാണ് കോൺ​ഗ്രസ് പറയുന്നത്. മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന് രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് പറയാത്തത്? 50 കൊല്ലത്തെ തങ്ങളുടെ സഖ്യക്ഷിയുടെ കൊടി താഴ്ത്തികെട്ടുന്നത് തീർച്ചയായും വയനാട്ടിൽ കോൺ​ഗ്രസിന് അശുഭലക്ഷണമാണ്. മുസ്ലിം ലീഗ് ഇല്ലെങ്കിൽ രാഹുലിന് വയനാട്ടിൽ 50,000 വോട്ട് തികച്ചും കിട്ടില്ല.

ജനങ്ങളെ കബളിപ്പിക്കുന്ന ഇടത്-വലത് മുന്നണികൾ സംസ്ഥാനത്ത് അപ്രസക്തമായി കഴിഞ്ഞു. മോദിയുടെ ഗ്യാരൻ്റിയാണ് കേരളത്തിലെ ചർച്ചാ വിഷയം. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടങ്ങുന്നു. പാവപ്പെട്ടവർക്ക് ക്ഷേമ പെൻഷൻ ഇല്ല. ജൽ ജീവൻ മിഷൻ മുടങ്ങി. കേന്ദ്രപദ്ധതികളെല്ലാം മുടങ്ങിക്കിടക്കുകയാണ്. സർവ്വത്ര അഴിമതിയാണ് കേരളത്തിൽ നടക്കുന്നത്” – കെ . സുരേന്ദ്രൻ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അം​ഗം സന്ദീപ് ജി വാര്യർ എന്നിവർ സംബന്ധിച്ചു.

Related Articles

Latest Articles