Thursday, May 9, 2024
spot_img

ഷാരോൺ വധക്കേസിലെ അന്തിമ റിപ്പോർട്ട് ! ഗ്രീഷ്മയുടെ ആവശ്യം സുപ്രീംകോടതി തള്ളി

പാറശാല ഷാരോൺ വധക്കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി ഗ്രീഷ്മ സമർപ്പിച്ച ഹ‍ര്‍ജി സുപ്രീം കോടതി തളളി. കേസിൽ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നിയമപരമായ അധികാരമില്ലെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മാത്രമേ ഇതിനുള്ള അധികാരമുള്ളൂ എന്നായിരുന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഈ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പിന്നാലെയാണ് ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചത്.

ഗ്രീഷ്മയുമായി പ്രണയത്തിലായിരുന്ന പാറശ്ശാല സ്വദേശി ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിലും ജ്യൂസിലും വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്. ഗ്രീഷ്മയ്ക്ക് സാമ്പത്തിക ശേഷിയുള്ള സൈനികന്റെ വിവാഹാലോചന വന്നതോടെയാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ശ്രമങ്ങൾ ആരംഭിച്ചത്. എന്നാൽ ബന്ധത്തിൽ നിന്ന് പിന്മാറാൻ ഷാരോൺ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയതെന്നാണ് പൊലീസിന്റെ കുറ്റപത്രത്തിലെ കണ്ടെത്തൽ.

ആദ്യം ജ്യൂസ് ചലഞ്ച് എന്ന പേരിൽ ജ്യൂസിൽ പാരസെറ്റമോൾ നൽകിയെങ്കിലും കൈപ്പാണെന്ന് പറഞ്ഞ് ഷാരോൺ തുപ്പി കളഞ്ഞതോടെ ശ്രമം പരാജയപ്പെട്ടു. തുടർന്ന് 2022 ഒക്ടോബര്‍ 14 ന് സെക്സ് ചാറ്റ് നടത്തി വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ ഷാരോണിന് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി കൊടുക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഒക്ടോബര്‍ 25 നാണ് ഷാരോൺ മരിച്ചു.

ഗ്രീഷ്മയ്ക്ക് പുറമെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാറും കേസിൽ പ്രതികളാണ്.

Related Articles

Latest Articles