തിരുവനന്തപുരം: പാറശ്ശാലയിലെ യുവാവിന്‍റെ മരണത്തിൽ വഴിത്തിരിവായി സുഹൃത്തായ പെണ്‍കുട്ടി ഗ്രീഷ്മ കുറ്റസമ്മതം നടത്തി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്ന് ഷരോണിന്റെ പെണ്‍സുഹൃത്ത് ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചത്.
അതേ സമയം ഗ്രീഷ്മയുടെ മൊഴിയിലെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗ്രീഷ്മ തന്നെ പ്രണയബന്ധത്തില്‍ നിന്നും പിന്‍മാറണമെന്ന് ഷരോണിനോട് നിരന്തരം പറഞ്ഞിരുന്നു. എന്നാല്‍ അത് ഷരോണ്‍ അനുസരിച്ചില്ല. കഴിഞ്ഞ മാസം 14ന് ഷരോണ്‍ ഗ്രീഷ്മയുടെ വീട്ടില്‍ എത്തി. അവിടെ വച്ച് ആദ്യം അമ്മാവന്‍ കൃഷിക്കായി സൂക്ഷിച്ചിരുന്ന തുരിശ് താന്‍ കൂടിക്കുമെന്ന് ഗ്രീഷ്മ ആദ്യം പറഞ്ഞു. എന്നാല്‍ ഷരോണ്‍ അതില്‍ നിന്നും പിന്തിരിപ്പിച്ച് ഇരുവരും കാര്യങ്ങള്‍ സംസാരിച്ചു.
തുടര്‍ന്ന് ഷരോണ്‍ വാഷ്റൂമില്‍ പോയപ്പോള്‍ ഗ്രീഷ്മ അവിടെ താന്‍ കുടിക്കുന്ന കഷായത്തില്‍ തുരിശ് കലര്‍ത്തി. ഷരോണ്‍ വന്നപ്പോള്‍ ഇതാണ് താന്‍ കുടിക്കുന്ന കഷായം എന്ന് ഗ്രീഷ്മ പറഞ്ഞു. ഇതോടെ ഷരോണ്‍ അത് കുടിച്ചു. ഉടന്‍ തന്നെ ഷരോണ്‍ ചര്‍ദ്ദിച്ചു. ഷരോണ്‍ ഛർദ്ദിച്ചപ്പോൾ കഷായത്തില്‍ വിഷം കലര്‍ത്തിയെന്ന് ഗ്രീഷ്മ ഷരോണിനോട് പറഞ്ഞു. എന്നാല്‍ ആരോടും പറയേണ്ടെന്ന് ഷാരോൺ പറഞ്ഞതായി ഗ്രീഷ്മ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. താന്‍ അത് ചര്‍ദ്ദിച്ചു കളഞ്ഞു ഇനി പേടിക്കേണ്ടെന്നാണ് ഷരോണ്‍ പറഞ്ഞത് എന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞത്.

