കളമശ്ശേരി സ്ഫോടനക്കേസിൽ പ്രതിയുമായി ഇന്നും തെളിവെടുപ്പ് തുടരും. പ്രതി ഡൊമിനിക് മാർട്ടിൻ ബോംബ് നിർമ്മിച്ച സ്ഥലത്തും മുൻപ് വാടകയ്ക്ക് താമസിച്ചിരുന്ന ഇടങ്ങളിലുമാണ് പൊലീസ് സംഘം ഇന്ന് തെളിവെടുപ്പ് നടത്തുക.
ഇന്നലെ നടത്തിയ തെളിവെടുപ്പിൽ എങ്ങനെയാണ് കൺവെൻഷൻ സെന്ററിലേക്ക് ബോംബ് കൊണ്ടുവന്നതെന്നും സീറ്റുകൾക്കടിയിൽ ബോംബ് സ്ഥാപിച്ചത് എങ്ങനെയെന്നും പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചിരുന്നു. കൺവെൻഷൻ സെൻററിൽ വച്ച് ചോദ്യം ചെയ്തപ്പോഴും താൻ ഒറ്റയ്ക്കാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്നാണ് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ പ്രതിയുടെ ഈ മൊഴി പൂർണമായും അന്വേഷണസംഘം ഇതുവരെ മുഖവിലയ്ക്ക് എടുത്തിട്ടില്ല.
ഒക്ടോബർ 29നാണ് കേരളത്തെ നടുക്കിയ കളമശ്ശേരി ബോംബ് സ്ഫോടനം ഉണ്ടായത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൺവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കിയിരുന്നു. മൂന്ന് ദിവസത്തെ പ്രാർത്ഥന കൺവെൻഷൻ അവസാനിക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. പൊലീസ് അന്വേഷണത്തിനിടെ സ്ഫോടനം നടത്തിയ ഡൊമിനിക്ക് മാർട്ടിൻ തന്നെ സ്വയം പൊലീസിൽ കീഴടങ്ങുകയായിരുന്നു.

