തിരുവനന്തപുരം: മോഷണക്കുറ്റമാരോപിച്ച് ദളിത് യുവതിയെ സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐയ്ക്ക് സസ്പെൻഷൻ. പേരൂർക്കട എസ്ഐ പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. ആരോപണ വിധേയരായ പോലീസുകാരുടേയും സ്റ്റേഷനിലുണ്ടായിരുന്ന ആളുകളുടേയും മൊഴി രേഖപ്പെടുത്തും.
സ്വര്‍ണമാല മോഷ്ടിച്ചു എന്ന പരാതിയിൽ, ബിന്ദു എന്ന ദളിത് യുവതിയെ സ്റ്റേഷനിൽവെച്ച് മണിക്കൂറുകളോളം നീണ്ട മാനസിക പീഡനത്തിനിരയാക്കിയതായാണ് ആരോപണം. വീട്ടുജോലി ചെയ്ത് ഉപജീവനം നടത്തുന്ന തിരുവനന്തപുരം പനവൂര്‍ സ്വദേശി ആര്‍. ബിന്ദു (39)വിനാണ് പോലീസിന്റെ ഭാഗത്തുനിന്ന് കൊടിയ മാനസികപീഡനം നേരിടേണ്ടിവന്നത്.
കഴിഞ്ഞ 23നാണ് ബിന്ദുവിനോട് പേരൂർക്കട പോലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണമാല കാണാതെയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയിൽ തന്നെ സ്റ്റേഷനിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദു ആരോപിക്കുന്നത്. മൂന്ന് ദിവസമാണ് ബിന്ദു ഈ വീട്ടിൽ ജോലിക്ക് പോയത്. മറ്റൊരു വീട്ടിലെ ജോലി കഴിഞ്ഞു വരുമ്പോഴാണ് പോലീസ് ബിന്ദുവിനെ വിളിപ്പിച്ചത്. തുടർന്ന് മാനസികമായി പീഡിപ്പിച്ചെന്നും ബിന്ദു പറഞ്ഞിരുന്നു.സ്വര്‍ണമാല മോഷ്ടിച്ചെന്നാരോപിച്ച് അമ്പലമുക്ക് സ്വദേശികളായ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് ബിന്ദുവിനെ പേരൂര്‍ക്കട പോലീസ് കസ്റ്റഡിയിലെടുത്തത്. ക്രൂരതയാണ് തന്നോട് പോലീസ് കാണിച്ചതെന്നും ‘മാലയെവിടെടീ എന്ന് ചോദിച്ച് ചീത്ത പറഞ്ഞുവെന്നും വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും അടിക്കാൻ വന്നുവെന്നും ബിന്ദു ആരോപിച്ചിരുന്നു.
20 മണിക്കൂറോളം പോലീസ് ചോദ്യംചെയ്തു. ഒടുവില്‍, മോഷ്ടിക്കപ്പെട്ടെന്ന് പറഞ്ഞിരുന്ന, 18 ഗ്രാം തൂക്കംവരുന്ന സ്വര്‍ണമാല പരാതിക്കാരായ ഗള്‍ഫുകാരുടെ വീട്ടില്‍നിന്നുതന്നെ കണ്ടെത്തി. ഇക്കാര്യം ബിന്ദുവിനെ അറിയിക്കുകപോലും ചെയ്യാതെ സ്റ്റേഷനില്‍നിന്ന് പറഞ്ഞുവിട്ടെന്നാണ് പരാതി.
എന്നാല്‍, എഫ്‌ഐആര്‍ റദ്ദാക്കാതെ പോലീസ് തുടര്‍ നിയമനടപടിയുമായി മുന്നോട്ടുപോയതോടെ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പട്ടികജാതി കമ്മിഷനും ബിന്ദു പരാതി നല്‍കി. പിന്നാലെ സംഭവത്തിൽ കന്‍റോണ്‍മെന്‍റ് എസിപി അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപി ഉത്തരവിടുകയും ചെയ്തിരുന്നു.

