മുംബൈ : വിമാനയാത്രയ്ക്കിടെ പൈലറ്റ് തന്റെ വനിതാ സുഹൃത്തിനെ കോക്പിറ്റിൽ പ്രവേശിപ്പിച്ച സംഭവത്തിൽ എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസന് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടിസ് . ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് എയർ ഇന്ത്യയുടെ ദുബായ് – ദില്ലി വിമാനത്തിലായിരുന്നു സംഭവം. അന്വേഷണം താമസിച്ചതിനു വിശദീകരണം നൽകാൻ വിമാന സുരക്ഷയുടെ ചുമതലയുണ്ടായിരുന്ന ഹെൻറി ഡോണോഹെയ്ക്കും ഡിജിസിഎ നോട്ടിസ് നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ 21ന് അയച്ച നോട്ടിസിൽ 15 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ഇരുവർക്കും ലഭിച്ചിരിക്കുന്ന നിർദേശം. സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്ന ക്യാബിൻ ക്രൂവിനെയും പൈലറ്റുമാരെയും അന്വേഷണം പൂർത്തിയാകുംവരെ ജോലിയിൽനിന്നു മാറ്റിനിർത്താൻ നേരത്തെ നിർദേശം ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ക്യാബിൻ ക്രൂവിന് സംഭവത്തിൽ പങ്കില്ലെന്നാണ് കണ്ടെത്തൽ. പൈലറ്റുമാർക്ക് വിശദീകരണം നൽകാനുള്ള അവസരം ഉണ്ടാകും.
സംഭവത്തിൽ ക്യാബിൻ ക്രൂ അംഗം പരാതി നൽകിയതോടെയാണ് ഫ്രെബുവരി 27ന് നടന്ന സംഭവം പുറം ലോകമറിഞ്ഞത്. കോക്‌പിറ്റിനുള്ളിൽ അനധികൃതമായി ആരെയും പ്രവേശിപ്പിക്കാൻ പാടില്ല എന്നാണ് ചട്ടം. ഇത്തരം വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. വിഷയം ഡിജിസിഎയുടെ ശ്രദ്ധയിൽപ്പെടുത്തി. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും എയർ ഇന്ത്യ വക്താവ് കൂട്ടിച്ചേർത്തു .

