Tuesday, June 18, 2024
spot_img

ഗുണ്ടാനേതാവിന്റെ വിരുന്നിൽ DySPയും പോലീസുകാരും പങ്കെടുത്ത സംഭവം ! 2 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ ! പരസ്‌പരം പഴിചാരി DySPയും പോലീസുകാരും

ആഭ്യന്തര വകുപ്പിനെ ഒന്നാകെ നാണക്കേടിലാക്കിക്കൊണ്ട് ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടിൽ ഡിവൈഎസ്പിയും പൊലീസ് ഉദ്യോ​ഗസ്ഥരും വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ 2 പോലീസുകാർക്ക് സസ്‌പെൻഷൻ . ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പോലീസുകാരുമാണ് ഗുണ്ടാ നേതാവിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിനെത്തിയത്. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് സംഭവുമായി ബന്ധപ്പെട്ട് നിലവിൽ ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ പോലീസുകാരൻ വിജിലൻസിൽ നിന്നുള്ളയാളാണ്.

സിനിമാനടനെ പരിചയപ്പെടുത്തിത്തരാമെന്നു പറഞ്ഞ് ഡിവൈഎസ്പിയാണ് തങ്ങളെ വിരുന്നിന് കൊണ്ട് പോയതെന്നാണ് പോലീസുകാർ പറയുന്നത്. എന്നാൽ പൊലീസുകാരാണ് തന്നെ വീട്ടിൽ കൊണ്ടുപോയതെന്നാണ് ഡിവൈഎസ്പി എംജി സാബുവിന്റെ മൊഴി. സംഭവത്തിൽ പൊലീസ് ആഭ്യന്ത അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഗുണ്ടാ സംഘങ്ങള അമർച്ച ചെയ്യാനുള്ള ‘ഓപറേഷൻ ആഗ്’ പുരോഗമിക്കുന്നതിനിടെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥനും പോലീസുകാരും ഗുണ്ടാ നേതാവിന്റെ വിരുന്നുകാരായത്. സംശയാസ്പദമായ രീതിയിൽ ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ ആളെത്തിയതറിഞ്ഞ് അങ്കമാലി പോലീസ് റെയ്‌ഡ് നടത്തിയപ്പോഴാണ് ‌ഡിവൈഎസ്പിയും പോലീസുകാരുമാ‌ണ് എത്തിയതെന്ന് വ്യക്തമായത്. കൊച്ചിയിൽ ഏറ്റവുമാദ്യം കാപ്പ ചുമത്തപ്പെട്ട ഗുണ്ടാ നേതാക്കളിലൊരാളാണ് ജോർജ് എന്ന തമ്മനം ഫൈസൽ. അങ്കമാലി പോലീസിനെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു.

അങ്കമാലി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവും മൂന്നു പൊലീസുകാരുമാണ് ഇന്നലെ ഗൂഡല്ലൂർ സന്ദർശനത്തിനു ശേഷം തിരികെ വരുമ്പോൾ തമ്മനം ഫൈസലിന്റെ വീട്ടിലെത്തിയത്. ഇതിനിടെയാണ് അങ്കമാലി എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. ഓപറേഷൻ ആഗ് പരിപാടി നടക്കുന്നതിനാൽ തമ്മനം ഫൈസൽ ഉൾപ്പെടെയുള്ള ഗുണ്ടാ നേതാക്കൾ‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് നാലു പേർ ഒരു സ്വകാര്യ കാറിൽ ഫൈസലിന്റെ വീട്ടിലെത്തിയതായി പോലീസിന് വിവരം ലഭിക്കുന്നത്. പിന്നാലെയായിരുന്നു റെയ്‌ഡ്. പോലീസുകാരാണ് ഗുണ്ടയുടെ ആതിഥ്യം സ്വീകരിക്കാനെത്തിയത് എന്നറിഞ്ഞതോടെ അങ്കമാലി പൊലീസ് ഇക്കാര്യം റൂറൽ എസ്പിക്കും അദ്ദേഹം റേഞ്ച് ഐജിക്കും റിപ്പോർട്ട് ചെയ്തിരുന്നു.

Related Articles

Latest Articles