ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി എല്ലാ വർഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും നടത്തുന്ന പതിവ് നയതന്ത്ര നടപടിയാണിത്. ദില്ലിയിലും ഇസ്ലാമാബാദിലും ഒരേസമയം നയതന്ത്ര ചാനലുകൾ വഴിയാണ് വിവരങ്ങൾ കൈമാറിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ കസ്റ്റഡിയിലുള്ള 391 സിവിലിയൻ തടവുകാരുടെയും 33 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങൾ പാകിസ്ഥാന് കൈമാറി. ഇവർ പാകിസ്ഥാൻ പൗരന്മാരോ അല്ലെങ്കിൽ പാകിസ്ഥാൻ സ്വദേശികളാണെന്ന് കരുതപ്പെടുന്നവരോ ആണ്. ഇതിന് മറുപടിയായി, പാകിസ്ഥാൻ തങ്ങളുടെ പക്കലുള്ള 58 സിവിലിയൻ തടവുകാരുടെയും 199 മത്സ്യത്തൊഴിലാളികളുടെയും പട്ടിക ഇന്ത്യയുമായി പങ്കുവെച്ചു. ശിക്ഷാകാലാവധി പൂർത്തിയാക്കിയ 167 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും തടവുകാരെയും അടിയന്തരമായി വിട്ടയക്കണമെന്നും അവരുടെ ബോട്ടുകൾ തിരികെ നൽകണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
പാകിസ്ഥാൻ കസ്റ്റഡിയിലുണ്ടെന്ന് കരുതപ്പെടുന്ന കാണാതായ ഇന്ത്യൻ പ്രതിരോധ സേനാംഗങ്ങളുടെ മോചനം ഉറപ്പാക്കണമെന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ പാക് ജയിലുകളിൽ കഴിയുന്ന 35 ഇന്ത്യക്കാർക്ക് ഇതുവരെ കോൺസുലാർ ആക്സസ് അനുവദിച്ചിട്ടില്ല. ഇവർക്ക് ഉടൻ തന്നെ നിയമസഹായവും നയതന്ത്ര പ്രതിനിധികളെ കാണാനുള്ള സൗകര്യവും നൽകണമെന്ന് ഇന്ത്യ സമ്മർദ്ദം ചെലുത്തി. തടവുകാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കണമെന്നും മോചനം വരെ അവർക്ക് ആവശ്യമായ പരിഗണന നൽകണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്നുവരുന്ന നയതന്ത്ര നീക്കങ്ങളുടെ ഫലമായി 2014 മുതൽ 2,661 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും 71 സിവിലിയൻ തടവുകാരെയും പാകിസ്ഥാൻ മോചിപ്പിച്ചിട്ടുണ്ട്. ഇതിൽ 500 മത്സ്യത്തൊഴിലാളികളും 13 പൗരന്മാരും 2023-ന് ശേഷം നാട്ടിൽ തിരിച്ചെത്തിയവരാണ്.

