Wednesday, January 7, 2026

8 സുപ്രധാന കരാറുകളിൽ ഒപ്പുവച്ച് ഭാരതവും റഷ്യയും; 2030 വരെയുള്ള സാമ്പത്തിക സഹകരണത്തിൽ ധാരണ

എട്ട് സുപ്രധാന കരാറുകളിൽ ഒപ്പുവച്ച് ഭാരതവും റഷ്യയും. തൊഴിൽ, കുടിയേറ്റം എന്നിവയിൽ രണ്ടു കരാറുകളിൽ ഒപ്പു വെച്ചു. ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ രാസവളം വാങ്ങുന്നതിലും ധാരണയായി. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാറിനുള്ള ശ്രമം തുടരുന്നതായും സംയുക്തമായി യൂറിയ ഉൽപ്പാദനത്തിന് ധാരണയായതായും നരേന്ദ്രമോദി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൈനികേതര ആണവോർജ്ജ രംഗത്ത് സഹകരണം കൂട്ടും.

ഇന്ത്യ – റഷ്യ ബന്ധം ശക്തമാക്കുന്നതിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പങ്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന വളരെ വലുതാണെന്നും മോദി വാർത്താസമ്മേളനത്തിൽ പറ‍ഞ്ഞു.

നരേന്ദ്രമോദിയെ അടുത്ത സുഹൃത്തെന്നാണ് പുടിൻ വിശേഷിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും സുരക്ഷ, വ്യാപാരം, സാമ്പത്തിക, സൈനിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ കരാറുകൾ ഒപ്പിട്ടതായും പുടിൻ അറിയിച്ചു. കൂടംകുളം ആണവോർജ നിലയ നിർമ്മാണം പൂർത്തിയാക്കാൻ സഹകരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവോർജ നിലയങ്ങളിലൊന്നാണിത്. ചെറു ആണവ റിയാക്ടറുകൾ ഉണ്ടാക്കാനും സഹകരണം ശക്തമാക്കുമെന്ന് പുടിൻ പറഞ്ഞു. റഷ്യൻ ടിവി ചാനൽ ഇന്ന് മുതൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നും പുടിൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു

Related Articles

Latest Articles