Saturday, May 4, 2024
spot_img

സെമിയിലെ ഭൂതം വീണ്ടും ദക്ഷിണാഫ്രിക്കയെ പിടികൂടി !ഫൈനലിൽ ഇന്ത്യ – ഓസീസ് പോര് !രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കഷ്ടിച്ച് കടന്ന് ഓസ്‌ട്രേലിയ !

213 റണ്‍സ് എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഓസ്‌ട്രേലിയയ്ക്ക് നല്ല രീതിയിൽ ഇന്നിംഗ്സ് തുടങ്ങാനായി. ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 37 പന്തില്‍ 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഓസീസ് മേല്‍ക്കൈ നേടി. എന്നാല്‍ ഏഴാം ഓവറില്‍ വാര്‍ണറെ മടക്കി ഏയ്ഡന്‍ മാര്‍ക്രം ദക്ഷിണാഫ്രിക്കയ്ക്ക് പുതുജീവൻ നൽകി. 18 പന്തില്‍ നിന്ന് ഒരു ഫോറും നാല് സിക്സുമടക്കം 29 റണ്‍സെടുത്താണ് വാര്‍ണര്‍ മടങ്ങിയത്. പിന്നാലെയെത്തിയ മിച്ചല്‍ മാര്‍ഷിനെ പൂജ്യം റണ്ണിന് റബാദ മടക്കി. എന്നാല്‍ അര്‍ധ സെഞ്ചുറി നേടിയ ഹെഡ് ഓസ്‌ട്രേലിയക്ക് കാര്യങ്ങൾ അനുകൂലമാക്കി. 48 പന്തില്‍ 62 റണ്‍സെടുത്ത 15-ാം ഓവറില്‍ ഹെഡിനെ കേശവ് മഹാരാജ് മടക്കി.

തുടര്‍ന്ന് ക്രീസിലെത്തിയ മാര്‍നസ് ലബുഷെയ്‌നെ കൂട്ടുപിടിച്ച് സ്മിത്ത് സ്‌കോര്‍ 133 വരെയെത്തിച്ചു. എന്നാൽ 22-ാം ഓവറില്‍ ലബുഷെയ്‌നെ തബ്രൈസ് ഷംസി വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ മത്സരത്തിലേക്ക് ദക്ഷിണാഫ്രിക്ക തിരിച്ചെത്തി. പിന്നീട് ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ (1) കുറ്റി തെറിപ്പിച്ച ഷംസി ഓസീസിനെ ഞെട്ടിച്ചു.

എന്നാൽ ആറാം വിക്കറ്റില്‍ ഇംഗ്ലിസിനെ കൂട്ടുപിടിച്ച് സ്മിത്ത് 37 റണ്‍സ് ചേര്‍ത്തതോടെ ഓസീസിന് ഫൈനൽ പ്രതീക്ഷ കൈവന്നു. 62 പന്തില്‍ നിലയുറപ്പിച്ച് കളിച്ച് 30 റണ്‍സെടുത്ത സ്മിത്തിനെ 34-ാം ഓവറില്‍ കോട്ട്‌സീ പുറത്താക്കി.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 49.4 ഓവറില്‍ 212 റണ്‍സിന് ഓള്‍ഔട്ടായി. ബാറ്റിംഗ് മുൻനിര പാടേ തകർന്ന മത്സരത്തിൽ ഡേവിഡ് മില്ലറുടെയും ഹെന്റിച്ച് ക്ലാസന്റെയും പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്‌കോറിൽ എത്തിച്ചത്. സെഞ്ചുറി നേടിയ മില്ലര്‍ 116 പന്തില്‍ നിന്ന് എട്ട് ഫോറും അഞ്ച് സിക്‌സുമടക്കം 101 റണ്‍സെടുത്തു.

24 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണറും നായകനുമായ തെംബ ബവൂമയെ മിച്ചല്‍ സ്റ്റാര്‍ക്ക് മടക്കി അയച്ചു. നാല് പന്ത് മാത്രം നേരിട്ട ബവൂമ റണ്‍സെടുക്കാതെയാണ് പവലിയനിലേക്ക് മടങ്ങിയത്. തൊട്ട് പിന്നാലെ 14 പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമെടുത്ത ഡിക്കോക്ക് ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തിൽ പാറ്റ് കമ്മിന്‍സിന് പിടികൊടുത്ത് പുറത്തായി.ഇതോടെ ദക്ഷിണാഫ്രിക്ക എട്ട് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.

തുടർന്ന് ഒന്നിച്ച എയ്ഡന്‍ മാര്‍ക്രം – റാസ്സി വാന്‍ ഡെര്‍ ദസ്സൻ സഖ്യം പതിയെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.എന്നാൽ 20 പന്തില്‍ 10 റണ്‍സെടുത്ത മാര്‍ക്രത്തെ പുറത്താക്കി സ്റ്റാര്‍ക്ക് ആഞ്ഞടിച്ചു. പിന്നാലെ ദസ്സനെയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കൻ സ്‌കോർ ബോർഡ് 24-ന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് പതിച്ചു

അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹെന്റിച്ച് ക്ലാസന്‍ – ഡേവിഡ് മില്ലര്‍ സഖ്യം 95 റണ്‍സ് കൂട്ടിച്ചേര്‍ത്തത്തോടെ ദക്ഷിണാഫ്രിക്ക വൻ തകർച്ചയിൽ നിന്ന് കരകയറി. 31-ാം ഓവറില്‍ ക്ലാസനെ മടക്കി ട്രാവിസ് ഹെഡ് ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത പന്തില്‍ മാര്‍ക്കോ യാന്‍സനെയും (0) മടക്കിയ ഹെഡ്, ദക്ഷിണാഫ്രിക്കയെ വീണ്ടും പ്രതിരോധത്തിലാക്കി. 48 പന്തില്‍ രണ്ട് സിക്സും നാല് ഫോറുമടക്കം 47 റണ്‍സെടുത്താണ് ക്ലാസന്‍ മടങ്ങിയത്. ജെറാള്‍ഡ് കോട്ട്‌സീ 39 പന്തില്‍ നിന്ന് 19 റണ്‍സെടുത്തു. ഓസ്‌ട്രേലിയക്കായി സ്റ്റാര്‍ക്കും കമ്മിന്‍സും മൂന്ന് വിക്കറ്റ് വീതം നേടി. ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ് എന്നിവര്‍ രണ്ടു വിക്കറ്റെടുത്തു.

Related Articles

Latest Articles