Sunday, June 16, 2024
spot_img

ഇന്ത്യ – കാനഡ നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ; കാനഡയുമായി ബന്ധമുള്ള ഭീകരരുടെ പട്ടിക പുറത്തുവിട്ട് എൻഐഎ

ദില്ലി:∙ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനിടെ കാനഡയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭീകരരുടെ വിവരങ്ങൾ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജൻസി. ഭീകരസംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന 43 പേരുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ലോറൻസ് ബിഷ്ണോയി, ജസ്ദീപ് സിങ്, കല ജതേരി, വിരേന്ദർ പ്രതാപ്, ജോഗീന്ദർ സിങ് എന്നീ ഭീകരരും എൻഐഎ പുറത്തുവിട്ട പട്ടികയിലുണ്ട്.

ഇവരുടെ സ്വത്തുക്കളെക്കുറിച്ചും വസ്തുവകകളെക്കുറിച്ചുമുള്ള വിവരങ്ങൾ കൈമാറണമെന്ന് ജനങ്ങളോട് എൻഐഎ ആവശ്യപ്പെട്ടു. ഇവർ നേരിട്ട് നടത്തുന്ന സ്ഥാപനങ്ങൾ, വ്യവസായം, മറ്റ് ആസ്തികൾ, സുഹൃത്തുക്കളും ബന്ധുക്കളും വഴി നിയന്ത്രിക്കുന്ന വ്യവസായങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാനാണ് എൻഐഎയുടെ നിർദേശം.

അതേസമയം, കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ അവിടുത്തെ ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിരുന്നു. കാനഡയില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങൾ കണക്കിലെടുത്ത്, അവിടെയുള്ള ഇന്ത്യന്‍ പൗരൻമാരും അവിടേക്കു യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. കൂടാതെ, യുകെയിലെയും കാനഡയിലെയും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ആക്രമിച്ച സംഭവത്തിൽ എൻഐഎ നേരത്തെ കേസെടുത്തിരുന്നു. ഹർദീപ് സിംഗ് നിജ്ജാറുടെ നേതൃത്വത്തിലുള്ള ഖലിസ്ഥാൻ ടൈഗർ ഫോഴ്സാണ് നയതന്ത്ര കാര്യാലയത്തിന് നേരെയുള്ള അക്രമത്തിന് നേതൃത്വം നൽകിയതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഈ കേസിൽ തെളിവ് ശേഖരിക്കുന്നതിന് കാനഡയിലേക്ക് പോകാനിരുന്ന എൻഐഎ യാത്രയും നീട്ടിവെച്ചു. നിലവിലെ സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി.

Related Articles

Latest Articles