ദില്ലി: ഭാരതത്തിലെ ധീരസൈനികരുടെ സ്മാരകമായി പണിതീർത്ത ദേശീയ യുദ്ധസ്മാരകത്തിന്റെ മൂന്നാം വാർഷികം ആചരിച്ച് രാജ്യത്തെ സൈനികർ. ദില്ലിയിലെ സ്മാരകത്തിൽ മൂന്ന് സേനകളുടേയും മേധാവികൾ ആദരമർപ്പിച്ചു. ചടങ്ങിൽ നാവികസേനാ മേധാവി ആർ.ഹരികുമർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗദ്ധരി, പ്രതിരോധ സെക്രട്ടറി അജയ്കുമാർ എന്നിവർ പുഷ്പചക്രം അർപ്പിച്ചു.
ഇന്ത്യാ ഗേറ്റിൽ നിന്നും അമർ ജവാൻ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിൽ ലയിപ്പിച്ച ശേഷം നടക്കുന്ന ആദ്യ വാർഷിക ചടങ്ങാണ് ഇന്ന് നടന്നത്. അതേസമയം 2019 ഫെബ്രുവരിയിലാണ് ദേശീയ യുദ്ധസ്മാരകം രാജ്യത്തിന് സമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്. ഇതുവരെ എല്ലാ യുദ്ധത്തിലും വീരചരമം അടഞ്ഞ സൈനികരുടെ പേരുകൾ യുദ്ധ സ്മാരകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഇന്ത്യൻ യുദ്ധചരിത്രത്തെ പൊതുജനങ്ങൾക്ക് വിവരിക്കുന്ന പ്രദർശന ശാലയും യുദ്ധസ്മാരകത്തിലുണ്ട്.


