Saturday, May 18, 2024
spot_img

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും തുരങ്കം; പാക്കിസ്ഥാന്റെ ഗൂഢ നീക്കം തകർത്ത് ഇന്ത്യൻ സൈന്യം

ദില്ലി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം വീണ്ടും തുരങ്കം കണ്ടെത്തി. ജമ്മു – കാശ്മീരിലെ കത്വ ജില്ലയിലെ ഹിരണ്‍നഗര്‍ സെക്ടറിലെ ബോബിയാന്‍ ഗ്രാമത്തിലാണ് ബുധനാഴ്ച രാവിലെ തുരങ്കം
കണ്ടെത്തിയത്. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ഭീകരരെ കടത്തിവിടുന്നതിന് പാക് സൈന്യം നിര്‍മിച്ചതാണ് ഈ തുരങ്കമെന്ന് ഉയര്‍ന്ന ഇന്ത്യന്‍ സൈനിക ഓഫീസര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 22നും സാംബ സെക്ടറിലെ അതിര്‍ത്തിയില്‍ സമാന രീതിയിലുള്ള തുരങ്കം കണ്ടെത്തിയിരുന്നു. നവംബര്‍ 19ന് നഗ്രോട്ടയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് ജെയ്ഷെ മുഹമ്മദ് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ഈ തുരങ്കമാണ് ഉപയോഗിച്ചത്. ഇതിന് സമാനമാണ് ഇപ്പോള്‍ കണ്ടെത്തിയ തുരങ്കവും. മൂന്ന് അടി വിസ്താരവും 25-30 അടി താഴ്ചയുമുള്ളതാണ് തുരങ്കം. ഇതിന് ഏകദേശം 150 മീറ്റര്‍ ദൈര്‍ഘ്യമുണ്ട്. അതിര്‍ത്തിയില്‍നിന്ന് 300 അടി അകലത്തിലാണ് ഇത് കണ്ടെത്തിയത്. 65 അടി മാത്രമാണ് ഇന്ത്യയുടെ വശത്തെ വേലിയിലേയ്ക്കുള്ളത്. ഭീകരരെ അതിര്‍ത്തി കടത്തുന്നതിന് പാക് സൈന്യം പ്രത്യേക നുഴഞ്ഞുകയറ്റ പാത നിര്‍മിക്കുന്നതായാണ് തുരങ്കങ്ങളുടെ കണ്ടെത്തലിലൂടെ വ്യക്തമാകുന്നതെന്ന് സൈന്യം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഈ തുരങ്കം അടുത്ത ദിവസങ്ങളില്‍ ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളും ഈ തുരങ്കങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. തുരങ്കം നിര്‍മിക്കുന്നതിനുവേണ്ടി ഇന്ത്യന്‍ സൈനികരുടെ ശ്രദ്ധ തിരിക്കുന്നതിനാണ് ഇടയ്ക്കിടെ പാക് സൈന്യം അതിര്‍ത്തിയില്‍ വെടിവെപ്പ് നടത്തുന്നതെന്നാണ് നിഗമനം.

Related Articles

Latest Articles