Wednesday, October 21, 2026

ബഹിരാകാശ രംഗത്ത് ഭാരതം ഇന്ന് നേതൃനിരയിൽ !ബഹിരാകാശനിലയം നിർമ്മിക്കുന്നതിൽ സഹായിക്കാൻ ഞങ്ങൾ തയ്യാർ !! – നാസ മേധാവി ബിൽ നെൽസൺ

സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിന് ഭാരതത്തെ സഹായിക്കുന്നതിൽ സ്വയം സന്നദ്ധത അറിയിച്ച് അമേരിക്ക. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആർഒയും അമേരിക്കൻ ബഹിരാകാശ ഏജന്‍സിയായ നാസയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കായി ആദ്യമായി ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ നാസ മേധാവി ബില്‍ നെല്‍സണാണ് ഭാരതത്തിന് സഹായം വാഗ്ദാനം ചെയ്തത്.

ഐഎസ്ആര്‍ഒയുമായുള്ള നാസയുടെ പങ്കാളിത്തം വളര്‍ത്തുന്നതിനായുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ബഹിരാകാശ രംഗത്ത് ഭാരതം ഇന്ന് നേതൃനിരയിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ചന്ദ്രയാന്‍- 3 നേട്ടത്തെ നെല്‍സണ്‍ പ്രശംസിച്ചു. 2024 ല്‍ അമേരിക്ക സ്വകാര്യ ലാന്ററുകള്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കയക്കുമെന്നും എന്നാല്‍ ഇന്ത്യ ഇതിനകം അത് ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.

‘നാസയുടെ വലിയൊരു പങ്കാളിയാണ് ഇന്ത്യ. 2040 ഓടെ സ്വന്തം ബഹിരാകാശ നിലയം നിര്‍മിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് യുഎസ് ബഹിരാകാശ ഏജന്‍സി സഹായം നല്‍കും. സീറോ ഗ്രാവിറ്റിയില്‍ മരുന്നുകളുടെ ഗവേഷണം ഉള്‍പ്പടെയുള്ള ഗവേഷണങ്ങള്‍ക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ നിലയങ്ങള്‍ വഴിയൊരുക്കും. ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കില്‍, നമുക്ക് സഹകരിക്കാനും നമ്മുടെ അനുഭവം പങ്കിടാനുമാവും’, അദ്ദേഹം പറഞ്ഞു.

നാസയും ഐഎസ്ആര്‍ഒയും സഹകരണത്തിലൊരുങ്ങുന്ന പ്രഥമ പദ്ധതിയായ നിസാര്‍ (NASA-ISRO Synthetic Aperture Radar) ന്റെ ഭാഗമായി ബെംഗളുരുവില്‍ പ്രവര്‍ത്തിക്കുന്ന ബഹിരാകാശ പേടക നിര്‍മാണ ശാല നെല്‍സണ്‍ സന്ദര്‍ശിച്ചേക്കും. ഭൗമനിരീക്ഷണ സംവിധാനമായ നിസാര്‍ അടുത്തകൊല്ലം വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തവർഷം അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്നതിനായി ഒരു ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിക്ക് നാസ പരിശീലനം നല്‍കും. ബഹിരാകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്വകാര്യ കമ്പനികളുമായും വിദ്യാര്‍ഥികളുമായും നാസ മേധാവി കൂടിക്കാഴ്ച നടത്തും. 2030 ഓടെ ബഹിരാകാശത്ത് സ്വന്തം നിലയം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കഠിന പ്രയത്നത്തിലാണ് രാജ്യം.

Related Articles

Latest Articles