ദില്ലി: ഇന്ത്യ കൂടുതല്‍ ശക്തരാകുന്നതിനാലാണ് യുക്രൈനില്‍ നിന്നും പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിയ്ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുടുങ്ങി കിടക്കുന്ന ഓരോരുത്തരേയും തിരികെയെത്തിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഓപ്പറേഷന്‍ ഗംഗയുടെ കീഴില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ ഒഴിപ്പിക്കാന്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. അതിന്റെ ഭാഗമായി 1000 പൗരന്‍മാരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന് കഴിഞ്ഞു. രക്ഷാപ്രവര്‍ത്തന നടപടികള്‍ വേഗത്തിലാക്കുന്നതിന് 4 മന്ത്രിമാരെ അവിടേക്ക് അയച്ചിട്ടുണ്ടെന്നും ഇന്ത്യക്കാരുടെ സുരക്ഷിതമായ യാത്രയ്ക്കായി യാതൊരു വിട്ടുവീഴ്ചയും സര്‍ക്കാര്‍ ചെയ്യില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സായുധ സേനയുടെ ധീരതയേയും മെയ്ക്ക് ഇന്ത്യയേയും ചോദ്യം ചെയ്തവര്‍ക്ക് ഒരിക്കലും രാജ്യത്തെ ശക്തമാക്കാന്‍ കഴിയില്ല, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ സ്വയം പര്യാപ്തത നേടേണ്ടത് അനിവാര്യമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
അതേസമയം യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാൗത്യമായ ഓപ്പറേഷന്‍ ഗംഗ അതിവേഗം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറില്‍ 1377 ഇന്ത്യക്കാരെ യുക്രൈനില്‍ നിന്നും ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചിരുന്നു.

