Tuesday, May 14, 2024
spot_img

‘ഇന്ത്യയെ കരുത്തുറ്റതാക്കണം, ഈ സംഘർഷ സമയത്ത് മനുഷ്യരാശി മുഴുവൻ കരുത്തുറ്റവരാകണം’; ഇപ്പോൾ ലോകത്ത് നടക്കുന്ന പോരാട്ടം നൽകുന്ന സന്ദേശമിതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോൾ ലോകത്ത് നടക്കുന്ന പ്രതിസന്ധി ഇന്ത്യയെ കൂടുതൽ ശക്തമാക്കണമെന്ന സന്ദേശമാണ് നൽകുന്നതെന്നും ഈ സംഘർഷ സമയത്ത് മനുഷ്യരാശി മുഴുവൻ കരുത്തുറ്റവരാകണമെന്നും അദ്ദേഹം പറഞ്ഞു. യുപി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബഹ്‌റൈചിൽ നടന്ന പൊതുറാലിയ്‌ക്കിടെയാണ് പ്രധാനമന്ത്രി പ്രതികരിച്ചത്.

‘ലോകത്ത് എത്രമാത്രം സംഘർഷമാണ് നിലനിൽക്കുന്നതെന്ന് നിങ്ങൾ കാണുന്നുണ്ട്. പ്രയാസകരമായ സമയങ്ങളിൽ രാജ്യത്തെ നയിക്കാൻ കരുത്തുള്ള ഒരു നേതാവ് വേണം. കൂടാതെ ഇന്ത്യയും മനുഷ്യരാശിയും കൂടുതൽ കരുത്തരാകേണ്ട സമയമാണ്. ഇന്ന് നിങ്ങളുടെ ഓരോ വോട്ടും ഇന്ത്യയെ ശക്തമാക്കും. ഇന്ത്യയെ കരുത്തുറ്റതാക്കാൻ യുപിയിലെ ഓരോ വോട്ടും പ്രയോജനപ്പെടും. വളരെ വലിയ പോരാട്ടങ്ങൾക്കൊടുവിലാണ് ഇന്ത്യ ഇന്ന് ഈ കാണുന്ന നിലയിലെത്തിയത്. ഓരോ ഇന്ത്യക്കാരന്റേയും ലക്ഷ്യം വികസനവും സമൃദ്ധവുമായ രാജ്യമാണ്’- പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം യുപിയിൽ തിരഞ്ഞെടുപ്പിലെ മൂന്ന് ഘട്ടങ്ങൾ പൂർത്തിയായിട്ടുണ്ട്. ഫെബ്രുവരി പത്തിനാണ് യുപിയിൽ തെരഞ്ഞെടുപ്പ് ആരംഭിച്ചത്. മാർച്ച് പത്തിന് വോട്ടെണ്ണൽ നടക്കും.

Related Articles

Latest Articles