Monday, December 29, 2025

ഓപ്പറേഷൻ ഗംഗ: രക്ഷാപ്രവർത്തനം ശക്തമാക്കി ഇന്ത്യ; രണ്ട് വിമാനങ്ങൾ കൂടി ദില്ലിയിലെത്തി

ദില്ലി: യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കുമ്പോൾ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ട് വിമാനങ്ങൾ കൂടി ദില്ലിയിലെത്തി.

ബുഡാപെസ്റ്റിൽ നിന്നും ബുക്കാറെസ്റ്റിൽ നിന്നുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങളാണ് ദില്ലിയിലെത്തിയത്. ഇതുവരെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 9 ഓളം വിമാനങ്ങളിലായി 2212 ഇന്ത്യാക്കാരെയാണ് നാട്ടിലെത്തിച്ചത്.

അതേസമയം യുക്രെയ്‌നിലെ ഒഴിപ്പിക്കലിൽ ഇനി വ്യോമസേനയും ഉണ്ടാകും. ഇതിനായി വ്യോമസേനയുടെ ട്രാൻസ്‌പോർട്ട് വിമാനങ്ങൾ അയയ്ക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ എയർഫോഴ്സിന്റെ സി 17 വിമാനങ്ങളാണ് യുക്രെയിനിലേക്ക് പറക്കുക. ഇന്ന് തന്നെ ആദ്യ വ്യോമസേനാ വിമാനം പുറപ്പെടുമെന്നാണ് വിവരം.

നേരത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും എത്രയും വേഗം യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നിന്നും പുറത്തു കടക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകിയിരിക്കുകയാണ്. ഇതിനായി ട്രെയിനുകളും മറ്റ് എല്ലാ മാർഗങ്ങളും പ്രയോജനപ്പെടുത്താൻ എംബസി നിർദേശിച്ചു

കൂടാതെ ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യയെ ആകെ വേതനയിലാഴ്ത്തിയിരിക്കുകയാണ്. ഖാർകീവിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് വിദ്യാർത്ഥി കൊല്ലപ്പെട്ടത്. കർണാടക സ്വദേശി നവീൻ കുമാർ ആണ് കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ഖാർകീവിൽ നിന്നും പോളണ്ട് അതിർത്തിക്ക് അടുത്തുള്ള ലിവീവിലേക്കുള്ള ട്രെയിനിൽ കേറാനായി ഷെൽട്ടറിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ ആണ് നവീന് നേരെ ഷെൽ ആക്രമണം ഉണ്ടായത് എന്നാണ് വിവരം.

Related Articles

Latest Articles