ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ യാഥാർഥ്യമായി. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കി. പുതിയ കരാർ പ്രകാരം ഇന്ത്യൻ കയറ്റുമതി ഉൽപ്പന്നങ്ങളുടെ മൊത്തം നികുതി 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയും. ഇതിൽ റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ചുമത്തിയ 25 ശതമാനം അധിക നികുതി പൂർണ്ണമായും നീക്കം ചെയ്തു. വരും വർഷങ്ങളിൽ അമേരിക്കയിൽ നിന്നുള്ള ഊർജ്ജ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വർദ്ധിപ്പിക്കാനും പ്രതിരോധ മേഖലയിൽ പത്ത് വർഷത്തെ സഹകരണ കരാറിൽ ഏർപ്പെടാനും ഇന്ത്യ തീരുമാനിച്ചു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഊർജ്ജം, വിമാനം, സാങ്കേതിക വിദ്യ, കൽക്കരി തുടങ്ങിയ മേഖലകളിലായി 500 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ അമേരിക്കയിൽ നിന്ന് വാങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. വിമാനങ്ങൾക്കും അനുബന്ധ ഭാഗങ്ങൾക്കുമുള്ള നികുതിയും ഇതോടൊപ്പം ഒഴിവാക്കപ്പെടും. ട്രമ്പും മോദിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം ഈ ചരിത്രപരമായ വ്യാപാര കരാറിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. ഏഷ്യയിലെ മറ്റ് രാജ്യങ്ങളേക്കാൾ കുറഞ്ഞ നികുതി നിരക്ക് ലഭിക്കുന്നത് അമേരിക്കൻ വിപണിയിൽ ഇന്ത്യൻ കയറ്റുമതിക്കാർക്ക് വലിയ നേട്ടമാകും.

