Friday, January 9, 2026

11 വർഷത്തിനുശേഷം ആ സെമി ഫൈനലിന് ‘രണ്ടാം ഭാഗം’

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ–ന്യൂസീലൻഡ് സെമി ഫൈനലിന് അരങ്ങൊരുങ്ങിക്കഴിഞ്ഞു. ഇന്ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡിലാണ് ഇന്ത്യയും ന്യൂസീലൻഡും മുഖാമുഖമെത്തുക. റൗണ്ട് റോബിൻ ഘട്ടത്തിലെ അവസാന മൽസരത്തിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയോടു തോറ്റതോടെയാണ് ഇന്ത്യ–ന്യൂസീലൻഡ് പോരാട്ടത്തിനു കളമൊരുങ്ങിയത്.

ഒൻപതു മൽസരങ്ങളിൽനിന്ന് 15 പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് ചാംപ്യൻമാരായപ്പോൾ, 11 പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് കിവീസിന്റെ സെമി പ്രവേശം.

മഴമൂലം ഗ്രൂപ്പു ഘട്ടത്തിൽ നഷ്ടമായ ഇന്ത്യ–ന്യൂസീലൻഡ് പോരാട്ടം, ഒടുവിൽ സെമി ഫൈനലിൽ യാഥാർഥ്യമാവുകയാണ്.

ന്യൂസീലൻഡിനിത് എട്ടാം ലോകകപ്പ് സെമിയാണ്.

ഇന്ത്യയ്ക്ക് ഏഴാമത്തെയും.

ഇന്ത്യ കഴിഞ്ഞ വർഷം സെമിയിൽ തോറ്റപ്പോൾ, ഇന്ത്യയെ തോൽപ്പിച്ച ഓസ്ട്രേലിയയോട് ന്യൂസീലൻഡ് ഫൈനലിൽ തോറ്റു.

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽപ്പെടുന്ന വിരാട് കോലി നയിക്കുന്ന ഇന്ത്യയും കെയ്ൻ വില്യംസൻ നയിക്കുന്ന ന്യൂസീലൻഡും നേർക്കുനേരെത്തുമ്പോൾ, അത് ചരിത്രത്തിന്റെ ആവർത്തനമാണ്.

ഒരു പതിറ്റാണ്ടു മുൻപ് മറ്റൊരു ലോകകപ്പ് വേദിയിൽ ഇതേ താരങ്ങൾ നയിച്ച ടീമുകൾ ഏറ്റുമുട്ടിയിട്ടുണ്ട്, അതും സെമി ഫൈനലിൽ തന്നെ!

2008ലെ അണ്ടർ 19 ലോകകപ്പ് സെമിയിലാണ് വിരാട് കോലിയുടെ ഇന്ത്യയും കെയ്ൻ വില്യംസന്റെ ന്യൂസീലൻഡും നേർക്കുനേരെത്തിയത്.

ഇംഗ്ലണ്ട് ലോകകപ്പിൽ കളിക്കുന്ന രവീന്ദ്ര ജഡേജ, ട്രെന്റ് ബോൾട്ട്, ടിം സൗത്തി എന്നിവർ അന്നും ഇരു ടീമുകളിലുമായി ഉണ്ടായിരുന്നു.

മലേഷ്യ ആതിഥ്യം വഹിച്ച ടൂർണമെന്റിൽ 2008 ഫെബ്രുവരി ഏഴിനായിരുന്നു ഇന്ത്യ–ന്യൂസീലൻഡ് സെമി പോരാട്ടം.

മഴമൂലം ഡക്ക്‌വർത്ത് ലൂയിസ് നിയമം നിർണായകമായ മൽസരത്തിൽ ജയം ഇന്ത്യയ്ക്കൊപ്പം നിന്നു.

മൂന്നു വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം.

രണ്ടാം സെമിയിൽ പാക്കിസ്ഥാനെ തോൽപ്പിച്ചെത്തിയ ദക്ഷിണാഫ്രിക്കയായിരുന്നു ഫൈനലിൽ ഇന്ത്യയുടെ എതിരാളി.

മഴനിയമം ഒരിക്കൽക്കൂടി നിർണായകമായ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 12 റൺസിന് തോൽപ്പിച്ച് കോലിയും സംഘവും കിരീടം ചൂടുകയും ചെയ്തു.

ഇക്കുറി ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനെ വീഴ്ത്താൻ ക്യാപ്റ്റൻ വിരാട് കോലിയുടെ പ്രകടനത്തിലേക്ക് ഉറ്റുനോക്കുന്ന ആരാധകർക്ക് ആവേശം പകരുന്നതാണ് ഇന്ത്യ–ന്യൂസീലൻഡ് ലോകകപ്പ് സെമി ‘ഒന്നാം ഭാഗ’ത്തിൽ താരത്തിന്റെ പ്രകടനം.

അന്നു ബാറ്റുകൊണ്ടു മാത്രമല്ല, പന്തുകൊണ്ടും തിളങ്ങിയ കോലിയാണ് ഇന്ത്യയുടെ വിജയശിൽപിയായതും കളിയിലെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയതും.

ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനെ അന്നു പുറത്താക്കിയതും കോലിയുടെ മീഡിയം പേസായിരുന്നു.

ഈ മൽസരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ബാറ്റിങ്ങാണ് തിരഞ്ഞെടുത്തത്.

തുടക്കത്തിൽ തകർച്ച നേരിട്ട ന്യൂസീലൻഡിന്റെ രക്ഷകനായത് ഇപ്പോഴും സജീവ ക്രിക്കറ്റിലുണ്ടെങ്കിലും കിവീസിന്റെ ലോകകപ്പ് ടീമിൽ അംഗമല്ലാത്ത കോറി ആൻഡേഴ്സനാണ്.

67 പന്തിൽ ആറു ബൗണ്ടറിയും നാലു സിക്സും സഹിതം 70 റൺസുമായി ആൻഡേഴ്സൻ ടോപ് സ്കോററുമായി.

ആൻഡേഴ്സൻ കഴിഞ്ഞാൽ കിവീസിനായി കൂടുതൽ റൺസ് നേടിയത് കെയ്ൻ വില്യംസനായിരുന്നു.

80 പന്തിൽ മൂന്നു ബൗണ്ടറി സഹിതം 37 റൺസെടുത്ത വില്യംസനെ കോലി പുറത്താക്കി. വിക്കറ്റ് കീപ്പർ ശ്രീവത്സ് ഗോസ്വാമി ക്യാച്ചെടുത്തു.

50 ഓവർ പൂർത്തിയാകുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 205 റൺസായിരുന്നു ന്യൂസീലൻഡിന്റെ സമ്പാദ്യം.

ഇന്ത്യയ്ക്കായി ഏഴ് ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത വിരാട് കോലിയുെട പ്രകടനമായിരുന്നു ഏറ്റവും ശ്രദ്ധേയം.

രവീന്ദ്ര ജഡേജ ആറ് ഓവറിൽ 21 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

206 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യ 6.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസെടുത്തു നിൽക്കെ മഴയെത്തി.

മൽസരം പുനഃരാരംഭിക്കാൻ വൈകിയതിനാൽ ഇന്ത്യയുടെ വിജയലക്ഷ്യം ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 43 ഓവറിൽ 191 റൺസായി പുനർനിർണയിച്ചു.

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ശ്രീവത്സ് ഗോസ്വാമിയുടെ അർധസെഞ്ചുറിയുടെയും ക്യാപ്റ്റൻ വിരാട് കോലി നേടിയ 43 റൺസിന്റെയും പിൻബലത്തിൽ തിരിച്ചടിച്ച ഇന്ത്യ ഒൻപതു പന്തു ബാക്കിനിൽക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.ഒൻപത് ഓവറിൽ 29 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത ടിം സൗത്തിയായിരുന്നു കിവീസ് ബോളർമാരിൽ മുമ്പൻ. രണ്ടു വിക്കറ്റ് വീഴ്ത്തിയതിനു പുറമെ 53 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 43 റൺസെടുത്ത കോലി കളിയിലെ കേമനായി.

Related Articles

Latest Articles