Monday, May 13, 2024
spot_img

കോവിഡ് വാക്‌സിന്‍ വിതരണം ഉടന്‍; വാക്‌സിന്റെ ആദ്യബാച്ച് തിങ്കളാഴ്‍ച എത്തും

ദില്ലി: കോവിഡ് വാക്‌സിന്റെ ആദ്യബാച്ച് ഈ മാസം അവസാനത്തോടെ
ദില്ലിയില്‍ എത്തും. ഡിസംബര്‍ 28 ന് വാക്‌സിന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ദില്ലിയിലെ ജനങ്ങള്‍ക്കെന്നാണ് ആദ്യ വാക്‌സിന്‍ ഡോസ് നല്‍കുന്നതെന്നത് സംബന്ധിച്ച സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. ആശുപത്രികളിൽ വാക്സിൻ സൂക്ഷിക്കുന്നതിനായി ഉള്ള സംവിധാനങ്ങൾ ഒരുക്കുന്നത് അവസാന ഘട്ടത്തിലാണ്. കൊറോണ വൈറസിന്‍റെ പുതിയ വകഭേദം യുകെയില്‍ കണ്ടത്തിയ സാഹചര്യത്തില്‍ രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. ലാബുകൾ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കി.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായുള്ള പരിശീലനം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. 3500 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. വാക്‌സിന്‍ സൂക്ഷിക്കുന്നതിനായി 609 ഇടങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. ദില്ലി വിമാനത്താവളത്തിലെ രണ്ട് കാര്‍ഗോ ടെര്‍മിനലുകള്‍ വാക്‌സിന്‍ സൂക്ഷിക്കാന്‍ സജ്ജമാക്കി. ദില്ലി വിമാനത്താവളത്തില്‍ 27 ലക്ഷം വാക്‌സിനുകള്‍ സൂക്ഷിക്കാനുള്ള സൗകര്യമുണ്ടെന്ന് ദില്ലി വിമാനത്താവള സിഇഒ വൈദേഹ് ജയ്പുരിയാര്‍ വ്യക്തമാക്കി. രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ സൂക്ഷിക്കാനുള്ള സൗകര്യമുള്ളത്. ലോക്‌നായക്, കസ്തൂര്‍ബ,ജിടിബി ആശുപത്രികള്‍, ബാബാസാഹേബ് അംബേദ്കര്‍ ആശുപത്രി, മൊഹല്ല ക്ലിനിക്ക് എന്നിവിടങ്ങളിലും വാക്‌സിന്‍ സംഭരണത്തിനുള്ള വിവിധ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് മൂന്ന് ഡോക്ടര്‍മാരെ വാക്‌സിനേറ്റിങ്ങ് ഓഫീസര്‍മാരായി തിരഞ്ഞെടുത്തു.

Related Articles

Latest Articles