ദില്ലി: അതി ശൈത്യത്തില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ. ദില്ലി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ജമ്മു കാശ്മീരും കൊടും തണുപ്പിന്റെ പിടിയിലാണ്. ദില്ലിയിലെ കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെൽഷ്യസിലെത്തി. ദൂരക്കാഴ്‍ച്ചകൾ സാധ്യമല്ലാത്ത സാഹചര്യത്തിൽ റോഡ്, ട്രെയിൻ, വ്യോമ ഗതാഗതം തടസ്സപ്പെട്ടു.
ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ട 80 വിമാനങ്ങൾ വൈകുമെന്ന് അധികൃതർ അറിയിച്ചു. ദില്ലി എയർപോർട്ടിലേക്ക് എത്തിച്ചേരേണ്ട 50 വിമാനങ്ങളും വൈക്കുന്നതാണ്. ദില്ലിയിലെ വായുനിലവാരം വളരെ മോശം സാഹചര്യത്തിലാണുള്ളത്. വായുനിലവാര സൂചികയിൽ ഇന്ന് 492 ആണ് രേഖപ്പെടുത്തിയത്. ഉച്ചയോടെ നില മെച്ചപ്പെട്ടിട്ടുണ്ട്.
അതേസമയം മുപ്പത് വർഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പാണ് ശ്രീനഗറിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. മൈനസ് 8.4 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില. താഴ്വാരങ്ങളിൽ ശീതതരംഗം തുടരുകയാണ്. പ്രശസ്തമായ ദാൽ തടാകം തണുത്തുറഞ്ഞ് ഐസ് കട്ടകളായി.
മുമ്പ് 1995ൽ -8.3 ഡിഗ്രി സെൽഷ്യസും 1991ൽ -11.3 ഡിഗ്രി സെൽഷ്യസുമാണ് ഇതുവരെ രേഖപ്പെടുത്തിയതിൻ വച്ചുള്ള ഏറ്റവും കുറഞ്ഞ താപനില. അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പായി പ്രവർത്തിക്കുന്ന കാശ്മീരിലെ പഹൽഗാം ടൂറിസ്റ്റ് റിസോർട്ടിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില -11.1 ഡിഗ്രി സെൽഷ്യസായിരുന്നു

