Monday, April 29, 2024
spot_img

കശ്‌മീരിലെ സമാധാന ശ്രമങ്ങൾ തള്ളുന്ന വിഘടനവാദികൾക്കും ഭീകരർക്കും കേന്ദ്രസർക്കാരിന്റെ ശക്തമായ മുന്നറിയിപ്പ്; ഭീകരരുടെ നട്ടെല്ലൊടിച്ച മുൻ ഐ.പി.എസ് ഓഫീസർ സുപ്രധാന ചുമതലയിലേക്ക്

ശ്രീനഗര്‍: വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ഫാറൂഖ് ഖാനെ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്കിന്റെ അഞ്ചാമത്തെ ഉപദേശകനായി നിയമിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ജൂലൈ 13നായിരുന്നു ഫാറൂഖ് ഖാനെ ഉപദേശകനായി നിയമിച്ചത്. കശ്മീരില്‍ സമാധാന നീക്കങ്ങള്‍ തള്ളുന്ന വിഘടനവാദികള്‍ക്കും ഭീകരര്‍ക്കും ശക്തമായ സന്ദേശമാണ് ഫാറൂഖ് ഖാന്റെ നിയമനത്തിലൂടെ നല്‍കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. എന്നാല്‍ ഈ നീക്കം അസാധാരണമാണെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

പൊലീസില്‍ ഐജി റാങ്കില്‍ വിരമിച്ചശേഷം 2014ല്‍ ബിജെപിയില്‍ ചേര്‍ന്ന വ്യക്തിയാണ് ഫാറൂഖ്. പാര്‍ട്ടിയില്‍ ചേര്‍ന്നതിനുശേഷം ഫറൂഖിന് ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ ചുമതല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക ചുമതലയുള്ള ദേശീയ സെക്രട്ടറി തുടങ്ങിയ പദവികളാണ് നല്‍കിയത്. തുടര്‍ന്ന് 2016 ജൂലൈയില്‍ അദ്ദേഹത്തെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി രാഷ്ട്രപതി നിയമിച്ചു. രണ്ടാം മോദി സര്‍ക്കാരില്‍ അമിത് ഷാ ആഭ്യന്തര മന്ത്രിയായതിനു പിന്നാലെ ഫാറൂഖിനെ ലക്ഷദ്വീപ് വിട്ടു സ്വന്തം മണ്ണിലേക്കു തിരിച്ചെത്തിച്ചത് വിപുലമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണെന്നാണു വിലയിരുത്തല്‍.

ഫാറൂഖ് ഖാനൊഴികെ കശ്മീര്‍ ഗവര്‍ണറുടെ മറ്റു നാല് ഉപദേശകരും രാഷ്ട്രീയ പശ്ചാത്തലമുള്ളവരല്ല. എല്ലാവരും ഐഎഎസ്, ഐപിഎസ് മുന്‍ ഉദ്യോഗസ്ഥരാണ്. കെ. വിജയകുമാര്‍, ഖുര്‍ഷിദ് അഹമ്മദ് ഗനായ്, കേവല്‍ ക്രിഷന്‍ ശര്‍മ, കെ. സ്‌കന്ദ തുടങ്ങിയവാരാണ് മറ്റ് ഉപദേശകര്‍. ഇവരില്‍ മികച്ച റാങ്കിലുള്ളത് വിജയകുമാറാണ്. ദില്ലിയിലെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ കണ്ണുവെട്ടിച്ചാണ് രണ്ടാം ശനിയായ ജൂലൈ 13ന് കേന്ദ്ര സര്‍ക്കാര്‍ ഫാറൂഖിനെ നിയമനം നടത്തിയത്. മൂന്നാം ദിവസം ചൊവ്വാഴ്ച വൈകിട്ട് ഫാറൂഖ് ചുമതലയേല്‍ക്കുകയും ചെയ്തു.

ജമ്മു കശ്മീര്‍ പൊലീസിലെ ഉദ്യോഗസ്ഥനായിരുന്നു ഫാറൂഖ് ഖാന്‍. 1994ല്‍ ഐപിഎസ് നേടി. പക്ഷേ ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം കഴിവു തെളിയിച്ചത്. കശ്മീരില്‍ രാഷ്ട്രപതി ഭരണം നിലനിന്നിരുന്ന 1994- 95 കാലത്താണ് ജമ്മു കശ്മീര്‍ പൊലീസില്‍ ഭീകരവിരുദ്ധ വിഭാഗം (എസ് ടി എഫ്) രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയത് ഫറൂഖ് ഖാനാണ്. എസ് ടി എഫും സൈന്യവും ചേര്‍ന്ന് 2000 ഭീകരരെയാണ് ഇക്കാലയളവില്‍ കൊന്നൊടുക്കിയത്.

ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപറേഷനുകളില്‍ ഭീകര തലവന്മാരടക്കം നിരവധി പേരെ വധിച്ചു. ഉന്നതരെ തട്ടിക്കൊണ്ടുപോകുകയും കൊല്ലുകയും ചെയ്യുന്നതിലൂടെ കുപ്രസിദ്ധനായ ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് ലിബറേഷന്‍ ഫ്രണ്ട് നേതാവ് ഹിലാല്‍ ബേഗിനെ വകവരുത്തിയത് ഫാറൂഖ് ഖാന്റെ നേതൃത്വത്തിലുള്ള ഓപറേഷനിലാണ്. പക്ഷേ മനുഷ്യത്വരഹിതമായ ഇടപെടലുകളാണ് ഫാറൂഖ് ഖാന്‍ ഓപറേഷനുകളില്‍ പുറത്തെടുത്തതെന്നാണ് അദ്ദേഹത്തിനെതിരായ പ്രധാന ആരോപണം.

Related Articles

Latest Articles