ദില്ലി: ജമ്മുകശ്മീരിലെ നഗ്രോട്ട എൻകൗണ്ടറിലൂടെ സൈനികർ തകർത്തത് ഭീകരരുടെ വൻ ആക്രമണ പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദികളെ വധിച്ചതിലൂടെ 26/11 വാർഷിക ദിനത്തിൽ നടത്താനിരുന്ന പുൽവാമ മോഡൽ ഭീകരാക്രമണം തടയാൻ സൈന്യത്തിന് കഴിഞ്ഞുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ദില്ലിയിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖല, ഉന്നത ഇന്റലിജൻസ് ഉദ്യോഗസ്ഥർ എന്നിവരായിരുന്നു യോഗത്തിൽ പങ്കെടുത്തത്. യോഗത്തിന്റെ ഭാഗമായി, ചന്ദ്ര പ്രധാന സ്ഥലങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
മുംബൈ ഭീകരാക്രമണ വാർഷിക ദിനത്തിൽ വൻ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ട നാല് ഭീകരർ സകല തയ്യാറെടുപ്പുകളോടെയുമാണ് കശ്മീരിൽ എത്തിയത്. ഇന്നലെ രാവിലെ, നഗ്രോട്ടയിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ എല്ലാവരെയും സുരക്ഷാസേന വധിക്കുകയായിരുന്നു. ഇവരിൽ നിന്നും വലിയ അളവിൽ സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. സൈന്യം ഏതു തരത്തിലുള്ള ആക്രണമവും നേരിടാൻ സജ്ജമാണെന്നും യോഗത്തിന് ശേഷം പ്രധാനമന്ത്രി അറിയിച്ചു

