Sunday, January 4, 2026

കാര്യവട്ടത്ത് തകർത്തടിച്ച് ഇന്ത്യൻ ബാറ്റർമാർ ; കങ്കാരുപ്പടയ്ക്ക് 236 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം

തിരുവനന്തപുരം: ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തകർത്തടിച്ച് ഇന്ത്യൻ ബാറ്റർമാർ. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയിക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍ എന്നീ മൂന്ന് മുന്‍നിര ബാറ്റർമാർ അര്‍ധ സെഞ്ചുറി തികച്ചതോടെയാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ ടീം 235 റണ്‍സെന്ന കൂറ്റൻ സ്‌കോറിലെത്തിയത്.

ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കമാണ് കഴിഞ്ഞ ഐപിഎല്ലിലെ സെൻസേഷണൽ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ സമ്മാനിച്ചത്. പവര്‍പ്ലേയില്‍ തന്നെ ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി തികച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. 25 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 53 റണ്‍സെടുത്ത യശസ്വിയുടെ വിക്കറ്റ് നഷ്ടമായപ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 77-ല്‍ കുത്തിച്ചെത്തിയിരുന്നു.

രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഋതുരാജ് ഗെയ്ക്‌വാദ് – ഇഷാന്‍ കിഷന്‍ സഖ്യത്തിന് ആദ്യം തകർത്തടിക്കാൻ സാധിച്ചില്ലെങ്കിലും 12-ാം ഓവറിന് ശേഷം ഇരുവരും ശൈലി മാറ്റി . അർദ്ധ സെഞ്ചുറി തികച്ചതിനു പിന്നാലെ താരത്തെ മാര്‍ക്കസ് സ്റ്റോയ്‌നിസ് പുറത്താക്കി. 32 പന്തില്‍ നിന്ന് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 52 റണ്‍സായിരുന്നു കിഷന്റെ സമ്പാദ്യം.

43 പന്തുകള്‍ നേരിട്ട ഋതുരാജ് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 58 റണ്‍സെടുത്തു. പിന്നീടിറങ്ങിയ സൂര്യകുമാര്‍ 10 പന്തില്‍ നിന്ന് 19 റണ്‍സുമായി മടങ്ങി. അഞ്ചാമനായി ഇറങ്ങിയ റിങ്കു സിംഗ് പതിവ് വെടിക്കെട്ട് തുടങ്ങിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 235 -ല്‍ എത്തി. വെറും ഒമ്പത് പന്തുകള്‍ നേരിട്ട റിങ്കു നാല് ഫോറും രണ്ട് സിക്‌സും പറത്തി 31 റണ്‍സുമായി പുറത്താകാതെ നിന്നു. തിലക് വര്‍മ രണ്ട് പന്തില്‍ നിന്ന് ഏഴ് റണ്‍സെടുത്തു. ഓസ്‌ട്രേലിയക്കായി നഥാന്‍ എല്ലിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി

Related Articles

Latest Articles