Thursday, May 2, 2024
spot_img

ഇന്ത്യന്‍ നയതന്ത്രം ഫലം കണ്ടു; ഇറാന്‍ ബന്ദിയാക്കിയ ഇസ്രയേലി കപ്പലിലെ മലയാളി യുവതിയെ നാട്ടിലെത്തിച്ചു! ആന്‍ ടെസ ജോസഫിന് ഊഷ്മള സ്വീകരണം; ബാക്കി ജീവനക്കാരുടെ മോചനം ഉടന്‍

ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രയേൽ കണ്ടെയ്‌നർ കപ്പലിലുണ്ടായിരുന്ന മലയാളി യുവതിയെ വിദേശകാര്യമന്ത്രാലയം തിരിച്ചെത്തിച്ചു. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലാണ് വന്നിറങ്ങിയത്. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ സമൂഹ മാദ്ധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

‘‘ടെഹ്‌റാനിലെ ഇന്ത്യൻ മിഷന്റെയും ഇറാൻ സർക്കാരിന്റെയും യോജിച്ച ശ്രമങ്ങളോടെ, ചരക്കുക്കപ്പലായ എംഎസ്‌സി ഏരീസിലെ ഇന്ത്യൻ ക്രൂ അംഗങ്ങളിലൊരാളായ കേരളത്തിലെ തൃശൂരിൽ നിന്നുള്ള ഇന്ത്യൻ ഡെക്ക് കേഡറ്റ് ആൻ ടെസ ജോസഫ് സുരക്ഷിതമായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി‌.’’ – വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. ടെഹ്‌റാനിലെ ഇന്ത്യൻ ദൗത്യം തുടരുകയാണെന്നും ശേഷിക്കുന്ന 16 ഇന്ത്യൻ ക്രൂ അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ക്രൂ അംഗങ്ങൾ സുരക്ഷിതരാണെന്നും ഇന്ത്യയിലെ അവരുടെ കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ട്രൈനിങ്ങിന്റെ ഭാഗമായി 9 മാസമായി കപ്പലിൽ ജോലി ചെയ്തു വരികയായിരുന്നു ആൻ ടെസ ജോസഫ് കോട്ടയം കൊടുങ്ങൂരിലെ പുതിയ വീട്ടിൽ താമസത്തിന് എത്താനിരിക്കയാണ് കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുത്തത്. മുഖ്യമന്ത്രി അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് അയച്ച കത്തിൽ ആനിന്റെ പേര് പരാമർശിച്ചിരുന്നില്ല. സംഭവ മനോവിഷമം ഉണ്ടാക്കിയെന്ന് ആനിന്റെ പിതാവ് പ്രതികരിക്കുകയും ചെയ്തിരുന്നു

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ലണ്ടന്‍ കേന്ദ്രമായുള്ള സൊദിയാക് മാരിടൈം എന്ന കമ്പനിയുടെ പോർച്ചുഗീസ് പതാക വഹിക്കുന്ന എംഎസ്‌സി ഏരീസ് എന്ന ചരക്ക് കപ്പൽ ഇറാൻ സേന പിടിച്ചെടുത്തത്. കപ്പലിലെ 25 ജീവനക്കാരിൽ 17 പേർ ഇന്ത്യക്കാരാണ്.ഇസ്രായേലുകാരനായ ഇയാല്‍ ഓഫറിന്റെ നേതൃത്വത്തിലുള്ള സൊദിയാക് ഗ്രൂപ്പിന്റെ ഭാഗമായുള്ള കമ്പനിയാണ് സൊദിയാക് മാരിടൈം. കപ്പലിലെ ജോലിക്കാരുടെ പട്ടികയിൽ ഇസ്രായേൽ പൗരന്മാരില്ല.

Related Articles

Latest Articles