ബംഗ്ലാദേശിലെ ധാക്കയിൽ ഇന്ത്യക്കാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ഝലാവർ സ്വദേശിനിയായ നിദ ഖാൻ (19) ആണ് മരിച്ചത്. ധാക്കയിലെ ആദ്-ദിൻ മോമിൻ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്നു നിദ.
ശനിയാഴ്ചയാണ് നിദയുടെ മൃതദേഹം ഹോസ്റ്റൽ മുറിയിൽ കണ്ടെത്തിയത്. പ്രാദേശിക വൃത്തങ്ങൾ ഇത് ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, ഔദ്യോഗികമായി പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് കോളേജ് അധികൃതർ ഇതുവരെ പ്രതികരിക്കാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. കോളേജ് അധികൃതരുടെ മൗനം ചോദ്യം ചെയ്ത് വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്നും ധാക്ക പോലീസ് അറിയിച്ചു. മരണകാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
നിദയുടെ മരണവാർത്ത രാജസ്ഥാനിലെ അവരുടെ കുടുംബത്തെ ഞെട്ടിച്ചിരിക്കുകയാണ്. . മൃതദേഹം എത്രയും പെട്ടെന്ന് ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. സംഭവത്തിൽ കേന്ദ്ര സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡൻ്റ്‌സ് അസോസിയേഷൻ (എ.ഐ.എം.എസ്.എ. – AIMSA) വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. എ.ഐ.എം.എസ്.എ. വൈസ് പ്രസിഡൻ്റ് ഡോ. മുഹമ്മദ് മോമിൻ ഖാൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അയച്ച കത്തിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായം നൽകണമെന്ന് അഭ്യർത്ഥിച്ചു.
എങ്കിലും, സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഝലാവർ ജില്ലാ ഭരണകൂടം അറിയിച്ചു. മരിച്ച നിദ ഊർജ്ജസ്വലയായ വിദ്യാർത്ഥിനിയായിരുന്നുവെന്ന് അവരുടെ സുഹൃത്തുക്കൾ പറഞ്ഞു. ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ള വ്യക്തിയായിരുന്നില്ല നിദയെന്നും സുഹൃത്തുക്കൾ ആരോപിച്ചു. നിദയുടെ മരണത്തിലെ ദുരൂഹതകൾ നീക്കി സത്യം പുറത്തുകൊണ്ടുവരണമെന്നാണ് കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും ആവശ്യം.

