Saturday, May 11, 2024
spot_img

ഹൈക്കമ്മീഷണർ ഓഫീസിൽ കൂറ്റൻ ദേശീയ പതാകയുമായി ഇന്ത്യൻ വിദ്യാർത്ഥികൾ; ഖാലിസ്ഥാൻ വിഘടനവാദികൾക്ക് മറുപടിയുമായി നൂറുകണക്കിന് രാജ്യസ്നേഹികൾ ത്രിവർണ്ണ പതാകയേന്തി; ഇന്ത്യൻ നയതന്ത്രകാര്യാലയത്തിന് അധിക സുരക്ഷ

ബ്രിട്ടനിലെ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിനുനേരെ ആക്രമണം നടത്തിയ ഖാലിസ്ഥാൻ വിഘടനവാദികൾക്ക് ചുട്ട മറുപടിയുമായി ഇന്ത്യൻ വിദ്യാർത്ഥി സമൂഹം. ഹൈക്കമ്മീഷണറുടെ കാര്യാലയത്തിന് മുന്നിൽ ത്രിവർണ്ണപതാകയുമായി നൂറുകണക്കിന് വിദ്യാർത്ഥികൾ തടിച്ചുകൂടി.മീറ്ററുകൾ നീളമുള്ള കൂറ്റൻ ദേശീയപതാക കെട്ടിടത്തിന് മുകളിലുയർത്തി. ഖാലിസ്ഥാനി പതാകയുമായി നയതന്ത്രകാര്യാലയത്തിനു മുന്നിൽ പ്രകോപനപരമായ മാർച്ച് നടത്തിയ വിഘടനവാദികൾക്കും പ്രക്ഷോഭകർക്കെതിരെ നടപടിയെടുക്കാതെ നോക്കിനിന്ന ബ്രിട്ടീഷ് ഭരണകൂടത്തിനും എതിരെയുള്ള പ്രതിഷേധം അവർ രേഖപ്പെടുത്തി. ഖാലിസ്ഥാൻ വിഘടനവാദികൾ ഞായറാഴ്ച്ച നടത്തിയ മാർച്ചിനിടെ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിൽ സ്ഥാപിച്ചിരുന്ന ദേശീയപതാക അഴിച്ചുമാറ്റിയിരുന്നു.

സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും സുരക്ഷാവീഴ്ചയെ അപലപിക്കുകയും ചെയ്തിരുന്നു. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ കാര്യമായി പരിഗണിക്കാത്തതിനെ തുടർന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ കാര്യാലയത്തിനും ഹൈക്കമ്മീഷണർ അലക്സ് എല്ലിസിന്റെ ഭവനത്തിനും നൽകിയിരുന്ന സുരക്ഷ ഇന്ത്യ പിൻവലിച്ചിരുന്നു. തുടർന്നാണ് ത്രിവർണ്ണ പതാകയുമായി വിദേശമണ്ണിൽ രാജ്യത്തെ പിന്തുണച്ച് മാർച്ച് നടത്തിയത്. ഇന്ത്യൻ നയതന്ത്രകാര്യാലയത്തിനുള്ള സുരക്ഷ ഇപ്പോൾ ബ്രിട്ടൺ വർധിപ്പിച്ചിട്ടുണ്ട്. സിഖ് മതസ്ഥർക്കായി പ്രത്യേക ഖാലിസ്ഥാൻ രാജ്യമെന്ന ആവശ്യമാണ് വിഘടനവാദികൾ ഉന്നയിക്കുന്നത്. എന്നാൽ ബ്രിട്ടനിലെ സിഖ് മതസ്ഥരിൽ ഭൂരിഭാഗവും ഖാലിസ്ഥാൻ വാദത്തെ എതിർക്കുന്നവരാണെന്നും വളരെ ചെറിയ ന്യുനപക്ഷം മാത്രമാണ് ഖാലിസ്ഥാൻ വാദം ഉന്നയിക്കുന്നതെന്നും ബ്രിട്ടീഷ് എം പി ബോബ് ബ്ലാക്‌മാൻ അഭിപ്രായപ്പെട്ടിരുന്നു.

Related Articles

Latest Articles