ലണ്ടൻ: യുകെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എംപി ഋഷി സുനാക് കൺസർവേറ്റീവ് പാർട്ടി എംപിമാരുടെ പിന്തുണയോടെ ആദ്യ റൗണ്ടിൽ ഒന്നാമതെത്തി. 358 എംപിമാരിൽ 88 പേരുടെ പിന്തുണ ഋഷി സുനാക് സ്വന്തമാക്കി. പെന്നി മാർഡൗന്റ് 67 വോട്ടുകളും വിദേശകാര്യമന്ത്രി ലിസ്ട്രൂസ് 50 വോട്ടുകളും നേടി രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്.
എന്നാൽ, ആദ്യ റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ രണ്ട് സ്ഥാനാർത്ഥികൾ പിന്തള്ളപ്പെട്ടു. ചാൻസലർ നാദിം സഹവി, മുൻ ക്യാബിനറ്റ് മന്ത്രി ജെറമി ഹണ്ട് എന്നിവരാണ് പുറത്തായത്. 30 എംപിമാരുടെ എങ്കിലും വോട്ട് ഉണ്ടെങ്കിൽ മാത്രമേ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയൂ. ഇത്രയും പിന്തുണ നേടാനാകാതെ വന്നതോടെയാണ് ഇരുവരും പുറത്തായത്.
മുൻ മന്ത്രി കെമി ബാദെനോക്, അറ്റോർണി ജനറൽ സ്യുവെല്ല ബ്രേവർമാൻ, പാർലമെന്റിന്റെ വിദേശകാര്യ കമ്മിറ്റി അധ്യക്ഷൻ ടോം ടുഗെൻധാറ്റ് എന്നിവരും മത്സരരംഗത്ത് ഉണ്ട്. നാലോ അഞ്ചോ ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിലൂടെയാണ് അവസാനവട്ട മത്സരാർത്ഥികളെ കൺസർവേറ്റീവ് പാർട്ടി എംപിമാർ തിരഞ്ഞെടുക്കുന്നത്. അവസാന റൗണ്ടിലെത്തിയ രണ്ട് പേർ ആരൊക്കെയാണെന്ന് ജൂലൈ 21-ന് അറിയാൻ കഴിയും. തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്ത് വരുന്നത് സെപ്റ്റംബർ അഞ്ചിനാണ്.

