ദില്ലി: റെയില്‍വേ നവീകരണത്തിന്റെ ഭാഗമായി ഔദ്യോഗിക ഇടപാടുകളെല്ലാം സമ്പൂര്‍ണമായി കടലാസ് വിമുക്തമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ.നിലവിലുള്ള കടലാസ് രേഖകളെല്ലാം തന്നെ ഇലക്ട്രോണിക് ഫയലുകളാക്കി മാറ്റാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും.
നിലവില്‍, റെയില്‍വേയുടെ പ്രവര്‍ത്തന ക്രമങ്ങള്‍ സംബന്ധിച്ച ഇടപാടുകളും രേഖകളുമെല്ലാം കടലാസു ഫയലുകളില്‍ ആക്കിയാണ് സൂക്ഷിക്കുന്നത്. നവീകരണത്തിന്റെ ഭാഗമായുള്ള ഈ നടപടിയോടു കൂടി ഇത്തരം ബുദ്ധിമുട്ടുകളെല്ലാം പരിപൂര്‍ണ്ണമായി ഇല്ലാതാകുകയും ജീവനക്കാര്‍ക്ക് ആയാസരഹിതമായി ജോലി ചെയ്യാനും സാധിക്കും.
ഇതോടൊപ്പം തന്നെ, കാര്യക്ഷമതയും മികച്ച സേവനവും ഉറപ്പുവരുത്താന്‍ രാജ്യമെമ്പാടും ഇ-ഓഫീസുകള്‍ സ്ഥാപിക്കാനും റെയില്‍വേ അധികൃതര്‍ ആലോചിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ വര്‍ഷം മാത്രം നാനൂറിലധികം റെയില്‍വേ എന്‍ജിനുകള്‍ നിര്‍മ്മിച്ച് ലോക റെക്കോര്‍ഡ് നേടിയ ഇന്ത്യന്‍ റെയില്‍വേ, എക്കാലത്തെയും മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.മാത്രമല്ല, ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിനിടയ്ക്ക് ഒരാള്‍പോലും റെയില്‍ അപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടില്ല. ഇന്ത്യന്‍ റെയില്‍വേ സേവനമാരംഭിച്ചതിന് ശേഷം, കഴിഞ്ഞ 166 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഈ ബഹുമതി.

