Sunday, May 19, 2024
spot_img

ദീർഘദൂര തീവണ്ടികളിൽ പാൻട്രി കാർ ഇനിയില്ല, പകരം സ്റ്റേഷനുകളിൽ ബേസ് കിച്ചണുകൾ

ദില്ലി: ദീര്‍ഘദൂര തീവണ്ടികളിലെ പാന്‍ട്രി കാര്‍ റെയില്‍വേ നിര്‍ത്തുന്നു. കോവിഡ്കാലത്ത് ഓടുന്ന പ്രത്യേക തീവണ്ടികളിലൊന്നും പാന്‍ട്രിയില്ല. പാൻട്രി കാർ നിർത്തുന്നതുവഴി വർഷം 1400 കോടി രൂപയുടെയെങ്കിലും അധികവരുമാനം ഉണ്ടാവുമെന്ന് റെയിൽവേയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. കോവിഡ് കഴിഞ്ഞാലും ഇനി ഇത് ആവശ്യമില്ലെന്നാണ് തീരുമാനം. പകരം എ.സി. ത്രീ ടയര്‍ കോച്ച് ഘടിപ്പിക്കുമെന്നും റെയില്‍വെ അറിയിച്ചു.

പ്രധാന സ്റ്റേഷനുകളിലുള്ള റെയിൽവേയുടെതന്നെ ബേസ് കിച്ചണുകളിൽനിന്ന് പാചകംചെയ്ത ഭക്ഷണം ദീർഘദൂര തീവണ്ടികളിൽ ലഭ്യമാക്കാനാണ് ആലോചന. ഇ-കാറ്ററിങ്, സ്റ്റേഷനുകളിലെ ഭക്ഷണശാലകൾ എന്നിവകൂടി ആകുമ്പോൾ ദീർഘദൂര യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് വിലയിരുത്തൽ. ഐ.ആർ.സി.ടി.സി.ക്കാണ് കാറ്ററിങ് ചുമതല. കൂടുതൽ സ്റ്റേഷനുകളിൽ ബേസ് കിച്ചണുകൾ സ്ഥാപിക്കാനും ആലോചനയുണ്ട്. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യ റെയിൽവേമെൻ, ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷൻ എന്നീ പ്രധാന രണ്ടു സംഘടനകളും പാൻട്രി കാർ എടുത്തുകളയുന്നതിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

ദീർഘദൂര തീവണ്ടികളിൽ വിരിയും തലയണയും മറ്റും നൽകുന്ന പതിവ് കോവിഡിനെത്തുടർന്ന് നിർത്തലാക്കിയിട്ടുണ്ട്. പകരം സ്റ്റേഷനുകളിൽനിന്ന് അവ വിലകൊടുത്തു വാങ്ങണം. കോവിഡ് കഴിഞ്ഞ് റഗുലർ സർവീസുകൾ ആരംഭിച്ചാലും ഇവ പഴയരീതിയിൽ നൽകില്ലെന്നും റെയില്‍വെ അറിയിച്ചു.

ഇപ്പോൾ 350-ഓളം തീവണ്ടികളിൽ പാൻട്രി കാർ ഉണ്ട്. ഇവയെല്ലാം കരാർ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. അതേസമയം പാൻട്രി നിർത്തലാക്കുന്നത് റെയിൽവേക്ക് ഒരുതരത്തിലും നഷ്ടമുണ്ടാക്കില്ല. എന്നാൽ, ആയിരക്കണക്കിന് കരാർ തൊഴിലാളികളുടെ ഉപജീവനത്തെ അത് ബാധിക്കും.

Related Articles

Latest Articles