ദില്ലി: യുക്രൈനിലെ സുമിയിൽ (Sumin) ശേഷിച്ച മുഴുവന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും പുറത്തെത്തിച്ചു. വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യം പ്രയോജനപ്പെടുത്തണമെന്നും ട്രെയിൻ, മറ്റ് വാഹന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ഇന്ത്യൻ എംബസിയുടെ പുതിയ മാർഗനിർദേശം. കുടുങ്ങിയ 694 വിദ്യാർത്ഥികൾ ബസ് മാർഗം പോൾടാവയിലേക്ക് പുറപ്പെട്ടതായി കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.
യുദ്ധം നിലനിൽക്കുന്ന സുമിയിൽ നിന്നും അപകടകരമായ അവസ്ഥയിലൂടെ യുക്രൈൻ അതിർത്തിയിലേക്ക് കാൽനടയായി പോകാൻ വിദ്യാർത്ഥികൾ ഒരു ഘട്ടത്തിൽ തീരുമാനിച്ചെങ്കിലും സർക്കാർ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. സുമിയിൽ നിന്നും പോൾട്ടോവ എന്ന മറ്റൊരു നഗരത്തിലേക്ക് എത്തിക്കുന്ന വിദ്യാർത്ഥികളെ അവിടെ നിന്നും പിന്നീട് മാറ്റും.
വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി യുക്രെയ്നിലെ ഇന്ത്യൻ എംബസിയോ കേന്ദ്രസർക്കാരോ വിവരങ്ങൾ നൽകിയിട്ടില്ല. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് സഞ്ചാരപാത സംബന്ധിച്ച് വിവരങ്ങൾ നൽകാത്തതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

