Saturday, May 4, 2024
spot_img

രക്ഷ നൽകുന്ന ഭാരത പതാക; അതിര്‍ത്തി കടക്കാന്‍ തുര്‍ക്കി വിദ്യർത്ഥികള്‍ക്കും തുണയാകുന്നത് ഇന്ത്യന്‍ പതാക

ദില്ലി: യുക്രൈനിലെ യുദ്ധമുഖത്തുനിന്ന് അയല്‍ രാജ്യമായ റൊമാനിയയില്‍ എത്തിച്ചേരാന്‍ ഭാരതീയ വിദ്യർത്ഥികൾക്ക് തുണയായത് ഇന്ത്യന്‍ ദേശീയ പതാക. ചെക്പോയിന്റുകൾ കടക്കാന്‍ ഇന്ത്യന്‍ പതാകയാണ് തങ്ങള്‍ക്ക് സാഹയകമായതെന്നും ഇന്ത്യക്കാർ മാത്രമല്ല പാകിസ്ഥാൻ, തുർക്കി എന്നിവിടങ്ങളില്‍നിന്നുള്ള ചില വിദ്യർത്ഥികളും ഇന്ത്യന്‍ പതാക കൈയ്യിലേന്തി അതിർത്തി കടക്കുന്നുണ്ടെന്നും യുക്രൈനിലെ ഒഡേസയില്‍നിന്ന് റൊമാനിയയില്‍ എത്തിച്ചേർന്ന വിദ്യർത്ഥികള്‍ വാർത്താ ഏജന്‍സിയോട് പറഞ്ഞു.

യുക്രൈനിൽ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനും അതിർത്തികൾ കടക്കാനും ഇന്ത്യൻ പതാക ഉപയോഗിക്കണമെന്ന് യുക്രൈനിലെ ഇന്ത്യൻ പൗരന്മാർക്ക് മുമ്പേ തന്നെ കേന്ദ്രം നിർദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് വിദ്യർത്ഥികള്‍ പതാകയുമായി റൊമാനിയന്‍ അതിർത്തിയിലേക്ക് തിരിച്ചത്.

തുടർന്ന് ഇന്ത്യൻ പതാക കൈയ്യിലുണ്ടായിരുന്നതുകൊണ്ട് വഴിയിൽ ആക്രമണങ്ങളൊന്നും നേരിടേണ്ടി വന്നില്ലെന്നും യാത്രയില്‍ പല പ്രതിബന്ധങ്ങളും മറികടക്കാന്‍ പതാക പ്രയോജനപ്പെട്ടതായും വിദ്യർത്ഥികള്‍ പറഞ്ഞു. മാത്രമല്ല കൈയിൽ പതാക ഇല്ലാതിരുന്നതിനാല്‍ അടുത്തുള്ള കടകളിൽ നിന്ന് കർട്ടനും സ്പ്രേ പെയിന്റും വാങ്ങി അവ ഉപയോഗിച്ച് പതാക ഉണ്ടാക്കി. തുടർന്ന് ഇതുമായി അതിർത്തി കടക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യൻ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി റൊമാനിയയില്‍നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ കയറുന്നതിനാണ് വിദ്യർത്ഥികള്‍ യുക്രൈന്‍ അതിർത്തി കടന്നെത്തുന്നത്.

Related Articles

Latest Articles