ന്യൂജേഴ്‌സി: അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതി വിമാനത്താവളത്തിൽ വച്ച് അപ്രത്യക്ഷയായി. ജൂണ്‍ 20 ന് ന്യൂജേഴ്‌സിയില്‍ എത്തിയ സിമ്രൻ സിമ്രൻ (24) എന്ന യുവതിയെയാണ് കാണാതായത്.
വിമാനത്താവളത്തില്‍ എത്തിയ സിമ്രനെ സിസിടിവി പരിശോധിച്ച പോലീസ് തിരിച്ചറിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ സിമ്രൻ ഫോണില്‍ നോക്കുന്നതും ചുറ്റും നിരീക്ഷിക്കുന്നതും വ്യക്തമാണ്.ഇതിനുശേഷം അവരെക്കുറിച്ച് യാതൊരു വിവരവുമില്ല. അമേരിക്കയിലെത്തി അഞ്ചു ദിവസം കഴിഞ്ഞാണ് ഇവരെ കാണാതായതായി പോലീസിന് വിവരം ലഭിക്കുന്നത്.ലിൻഡൻവോൾഡ് പോലീസ് യുവതിക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ്. അന്വേഷണത്തിൽ ഇവർ വിവാഹം കഴിക്കാനാണ് അമേരിക്കയിലെത്തിയതെന്ന് പോലീസിന് മനസിലായി. എന്നാൽ, ഇത് അമേരിക്കയിലേയ്ക്ക് കടക്കാൻ കെട്ടിച്ചമച്ചതായിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.
പ്രാഥമിക ഘട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ സിമ്രന് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയില്ലെന്നും അവർ മൊബൈൽ കണക്ഷനൊന്നും എടുത്തിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ വൈഫൈ ഉപയോഗിച്ചാണ് ഇവർ ഫോൺ ഉപയോഗിച്ചിരുന്നത്. നിലവില്‍ സിമ്രണിന് അമേരിക്കയില്‍ സുഹൃത്തുക്കളാരുമില്ല എന്നാണ് വിവരം. കാണാതായതിനുശേഷം സിമ്രന്റെ ഇന്ത്യയിലുള്ള കുടുംബവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ വിവരം ഒന്നും ലഭിച്ചിട്ടില്ല.

