Sunday, May 12, 2024
spot_img

കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായി ഇന്ത്യ; രോഗപ്രതിരോധദൗത്യമായി രാജ്യത്തിന്റെ വാക്‌സിൻ വിതരണം ഒന്നാം വർഷത്തിലേക്ക്….; ഒരു വർഷത്തിനിടെ നൽകിയത് 156 കോടിയിലധികം ഡോസുകൾ

ദില്ലി: രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചിട്ട് ഇന്നേയ്‌ക്ക് ഒരു വർഷമാകുന്നു. വാക്‌സിനേഷനിൽ ഒരു വർഷം പൂർത്തിയായതിന്റെ ആദരസൂചകമായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് തപാൽ സ്റ്റാമ്പ് പ്രകാശനം ചെയ്യും.

രാജ്യത്ത് ഇതുവരെ 156.76 കോടി കോവിഡ് വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം അർഹരായ ജനസംഖ്യയുടെ 92 ശതമാനം ആളുകളും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ 68 ശതമാനം ആളുകളും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞു.

മാത്രമല്ല വാക്‌സിനേഷൻ പ്രക്രിയ ആരംഭിച്ച് ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപ് തന്നെ രാജ്യം 150 കോടി എന്ന ചരിത്ര നേട്ടം കൈവരിച്ചിരുന്നു. ഒക്ടോബർ 21നാണ് രാജ്യം പ്രതിരോധ കുത്തിവെയ്പ്പിൽ 100 കോടി പിന്നിട്ടത്.

പ്രതിദിനം ശരാശരി 66 ലക്ഷത്തിലധികം വാക്‌സിൻ ഡോസുകൾ രാജ്യത്ത് വിതരണം ചെയ്തുവരുന്നു. കൂടാതെ, ഇപ്പോൾ മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ കരുതൽ ഡോസുകളും വിതരണം ചെയ്യുന്നുണ്ട്.

2021 ജനുവരി 16നാണ് രാജ്യത്ത് വാക്‌സിനേഷൻ ആദ്യം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകരാണ് പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചത്. പിന്നീട് ഫെബ്രുവരി 2ന് കോവിഡ് മുന്നണി പോരാളികൾക്ക് വാക്‌സിൻ വിതരണം ചെയ്യാൻ ആരംഭിച്ചു. മാർച്ച് ഒന്നിന് 60 വയസ്സിന് മുകളിലുള്ളവർക്കും 45 വയസ്സിന് മുകളിലുള്ള മറ്റ് അനുബന്ധ രോഗമുള്ളവർക്കും വാക്‌സിൻ നൽകാൻ ആരംഭിച്ചു. ഏപ്രിൽ ഒന്ന് മുതലാണ് 45 വയസ്സിന് മുകളിലുള്ള ഏവർക്കും വാക്‌സിൻ നൽകാൻ ആരംഭിച്ചത്. പിന്നീട് ഓരോ ഘട്ടമായി മറ്റ് പ്രായക്കാർക്കും കോവിഡ് വാക്‌സിൻ നൽകാൻ ആരംഭിച്ചു. നിലവിൽ രാജ്യത്ത് കൗമാരക്കാർക്കും വാക്സിൻ നൽകി വരികയാണ്.

അതേസമയം മറ്റ് വികസിത രാജ്യങ്ങളുടെ കണക്കുക്കൾ പരിശോധിക്കുമ്പോൾ വാക്‌സിനേഷനിൽ രാജ്യം മുന്നിട്ട് നിൽക്കുകയാണ്. കൂടാതെ മറ്റ് രാജ്യങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളും മന്ദഗതിയിലാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

Related Articles

Latest Articles