തിരുവനന്തപുരം: പാറശാല കെ എസ് ആർ ടി സി ഡിപ്പോയിൽ സിഎംഡിയുടെ മിന്നൽ പരിശോധന.
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയ പാറശാല ഡിപ്പോയിലാണ് കെഎസ്ആർടിസി സി എം ഡിയുടെ മിന്നൽ പരിശോധന. ഓഫീസ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയവർക്കെതിരെയാണ് നടപടി. ഹാജർ പട്ടികയിൽ തിരുത്തലുകൾ കണ്ടെത്തി. മാസം 16 ഡ്യൂട്ടി ചെയ്യാത്തവർക്കും ശമ്പളം അനുവദിച്ചതായി കണ്ടെത്തി. സൂപ്രണ്ടിനെയും അസിസ്റ്റന്റിനെയും ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലം മാറ്റി.
അതിനിടെ, ബസുകളിലെ പരസ്യം നീക്കണമെന്ന ഹൈക്കോടതി നിർദേശം കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാകും. പ്രതിമാസം ഒന്നരക്കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് മാനേജ്മെന്‍റ് കണക്ക്. വിധിപകർപ്പ് ലഭിച്ച ശേഷം നിയമ നടപടിയിലേക്ക് കടക്കാനാണ് ആലോചന. വടക്കഞ്ചേരി ബസ് അപകടക്കേസ് പരിഗണിക്കവേയാണ് സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ – പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്ന് കോടതി നിരീക്ഷിച്ചത്. അപകടത്തിന് പിന്നാലെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.

