ധാക്ക: സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം രാജ്യവ്യാപകമായതിന് പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിൽ ഇരച്ചെത്തിയ സംഘം ബംഗ്ലാവിലെ സകലതും മോഷ്ടിച്ചതായി റിപ്പോർട്ടുകൾ. ഹസീനയുടെ വസതിയിലെ സാരികൾ, ചായക്കപ്പുകൾ, ടി.വി സെറ്റുകൾ തുടങ്ങി ചിത്രങ്ങൾ വരെ മോഷണം പോയതായാണ് റിപ്പോർട്ട്.
നിരവധി വീഡിയോകളും ചിത്രങ്ങളും സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇവയൊന്നും സ്ഥിരീകരിക്കാനായിട്ടില്ല. ആഹ്ലാദഭരിതരായ പ്രതിഷേധക്കാർ ഹസീനയുടെ വീട്ടിലെ സാമഗ്രികൾ തിരയുന്ന ദൃശ്യങ്ങൾ എക്സിൽ പ്രചരിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രിയുടേതെന്ന് പറയപ്പെടുന്ന സാരി ധരിച്ച് നിൽക്കുന്നയാളുടെ ചിത്രവും എക്സിലുണ്ട്.
ഷെയ്ഖ് ഹസീനയുടെ അടുത്ത ആളുകളുടെ വീടുകൾ പ്രക്ഷോഭകർ തകർത്തതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ഹസീനയുടെ പിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ പ്രതിമയും ഇക്കൂട്ടർ തകർത്തു. രാജ്യവ്യാപകമായി തെരുവുകൾ പ്രക്ഷോഭകർ കീഴടക്കിയിരിക്കുകയാണ്.

