Wednesday, January 7, 2026

ഓസ്‌ട്രേലിയയിലെ ഇസ്ലാമിക ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് ! കടുത്ത നടപടിയുമായി അൽബനീസ് ഭരണകൂടം ! ഇറാൻ അംബാസഡറെയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും പുറത്താക്കി!

സിഡ്നി : ഓസ്‌ട്രേലിയൻ മണ്ണിൽ ഇസ്ലാമിക ആക്രമണങ്ങൾ നടത്തിയതിന് ഇറാനെതിരെ കടുത്ത നടപടിയുമായി ഓസ്‌ട്രേലിയ. മെൽബണിലും സിഡ്നിയിലും നടന്ന ഇസ്ലാമിക ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഓസ്‌ട്രേലിയയിലെ ഇറാൻ അംബാസഡറെയും മറ്റ് മൂന്ന് ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവർ ഏഴ് ദിവസത്തിനകം രാജ്യം വിടണമെന്നും ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഒരു രാജ്യത്തിന്റെ അംബാസഡറെ ഓസ്‌ട്രേലിയ പുറത്താക്കുന്നത്.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ആണ് സുപ്രധാനമായ ഈ തീരുമാനം വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് ഇറാൻ നടത്തിയ “അതീവ ഗുരുതരമായ” നീക്കങ്ങൾ വെളിച്ചത്തായത്. സിഡ്നിയിലെ ബോണ്ടിയിൽ 2024 ഒക്ടോബറിൽ ലൂയിസ് കോണ്ടിനെന്റൽ കഫേയിൽ ഉണ്ടായ തീപിടിത്തം, 2024 ഡിസംബറിൽ മെൽബണിലെ അഡാസ് ഇസ്രായേൽ സിനഗോഗിന് നേരെ നടന്ന ആക്രമണം എന്നിവയ്ക്ക് പിന്നിൽ ഇറാനായിരുന്നുവെന്ന് അൽബനീസ് വ്യക്തമാക്കി. ഈ ആക്രമണങ്ങളിൽ ആളപായം ഉണ്ടായിട്ടില്ലെങ്കിലും, ഓസ്‌ട്രേലിയൻ സമൂഹത്തിൽ ഭിന്നത വളർത്താനും സാമൂഹിക ഐക്യം തകർക്കാനും ലക്ഷ്യമിട്ടുള്ള വിദേശ രാജ്യത്തിന്റെ ഇടപെടലുകളാണിതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കൂടുതൽ ഇസ്ലാമിക ആക്രമണങ്ങൾക്കും ഇറാൻ പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നുണ്ട്. ഇറാന്റെ നടപടികൾ തികച്ചും അപലപനീയമാണെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു. ഇറാനിലെ ഓസ്‌ട്രേലിയൻ അംബാസഡറെ തിരിച്ചുവിളിക്കുകയും ടെഹ്റാനിലെ എംബസി താൽകാലികമായി അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. ഇറാനിൽ പ്രവർത്തിച്ചിരുന്ന ഓസ്‌ട്രേലിയൻ നയതന്ത്രജ്ഞർ സുരക്ഷിതമായി മൂന്നാമതൊരു രാജ്യത്തേക്ക് മാറിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സിനെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിക്കാനുള്ള നിയമനിർമ്മാണവും ഓസ്‌ട്രേലിയ നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 1968 മുതൽ ടെഹ്റാനിൽ ഓസ്‌ട്രേലിയക്ക് എംബസിയുണ്ട്. ഈ പുതിയ നീക്കങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

Related Articles

Latest Articles