Tuesday, April 23, 2024
spot_img

ഐഎൻഎല്ലിനു പിന്നാലെ സിപിഎമ്മിന് തലവേദനയായി എൻസിപി; പാർട്ടിയിൽ ആഭ്യന്തര തർക്കം രൂക്ഷം; പി.സി ചാക്കോ പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നെന്ന് ശശീന്ദ്രൻ വിഭാഗം

തിരുവനന്തപുരം: എൻസിപിയിൽ നേതാക്കൾ തമ്മിലുള്ള തർക്കം രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ട്. കോണ്‍ഗ്രസില്‍ നിന്ന് എൻസിപി തലപ്പത്തേക്കെത്തിയ പിസി ചാക്കോയും ശശീന്ദ്രൻപക്ഷവും തമ്മിലാണ് തമ്മിലടി രൂക്ഷമായിക്കൊണ്ടിരിക്കുന്നതെന്നാണ് വിവരം. പ്രസിഡന്‍റ് പിസി ചാക്കോ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തെന്നാണ് എ കെ ശശീന്ദ്രൻ വിഭാഗത്തിൻറെ ആരോപണം. ചാക്കോയുടെ അടുപ്പക്കാരനായ സംസ്ഥാന സെക്രട്ടറി ബിജു ആബേല്‍ ജേക്കബ് പാര്‍ട്ടി പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന ഓഡി‍യോ ക്ലിപ്പും ഇതിനോടകം പല മാധ്യമങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

പിസി ചാക്കോ പ്രസിഡന്‍റായതിന് ശേഷം ജില്ലാ പ്രസിഡന്റുമാരെ മാറ്റിയത് മുതലാണ് ഭിന്നത ആരംഭിച്ചത്. മുൻ പ്രസിഡന്‍റും മുതിര്‍ന്ന നേതാവുമായ ടിപി പീതാംബരനെയും മന്ത്രി എ കെ ശശീന്ദ്രനേയും വകവയ്ക്കാതെ ചാക്കോ തന്നിഷ്ടപ്രകാരം തീരുമാനം എടുക്കുന്നെന്നാണ് എതിര്‍പക്ഷത്തിൻറെ ആരോപണം. ഇതിനിടയിലാണ് ചാക്കോയുടെ വിശ്വസ്തനായ, പാര്‍ട്ടിയുടെ സെക്രട്ടറി ബിജു ആബേല്‍ ജേക്കബ് എറണാകുളത്തെ പാര്‍ട്ടി പ്രവര്‍ത്തകൻ ബേബിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത് വന്നത്. ചാക്കോ ഇടപെട്ടാണ് ബിജു ആബേൽ ജേക്കബിനെ മന്ത്രി എ കെ ശശീന്ദ്രന്‍റെ പേഴ്സണന്‍റെ സ്റ്റാഫംഗം ആക്കിയതെന്നാണ് ആരോപണം.

പൊതുജനങ്ങളോട് മാന്യമായേ മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങള്‍ പെരുമാറാവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശമുള്ളപ്പോഴാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. ബിജു ആബേല്‍ ജേക്കബിനെതിരെ എൻസിപിയിലെ ഒരു വിഭാഗം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കോണ്‍ഗ്രസ് വിട്ട് വരുമ്പോള്‍ ചാക്കോയ്ക്കൊപ്പം നിരവധി പേര്‍ എത്തുമെന്ന് പറഞ്ഞെങ്കിലും പറയത്തക്ക ഒഴുക്കുണ്ടായില്ല. അതേസമയം, ചില സ്ഥാപിത താല്‍പ്പര്യക്കാരാണ് പാര്‍ട്ടിക്കുള്ളില്‍ പ്രശ്നമുണ്ടെന്ന് പ്രചരിപ്പിക്കുന്നതെന്ന് പിസി ചാക്കോ അനുകൂലികള്‍ പറയുന്നു. ഐഎൻഎല്ലിനു പിന്നാലെ എൻസിപിയുടെ ആഭ്യന്തര പ്രശ്നങ്ങളും സിപിഎമ്മിന് വലിയ തലവേദനയുണ്ടാക്കുന്നുണ്ട്.

Related Articles

Latest Articles