Saturday, May 18, 2024
spot_img

അവഗണിക്കാതിരിക്കുക.. പ്രായമായവരെ കാത്തുസൂക്ഷിക്കാം; കരുതലോടെ ജീവിക്കാം.; ഇന്ന് അന്താരാഷ്ട്ര വയോജന ദിനം

ഇന്ന് അന്താരാഷ്ട്ര വയോജന ദിനം(International Day of Older Persons). 1990 ഡിസംബർ 14ന് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനമായി പ്രഖ്യാപിച്ചു. ഇന്നൊരു ദിനം മാത്രമാണോ നമ്മൾ വയോജനങ്ങളെ ഓർക്കേണ്ടത്? ഒരിക്കലുമല്ല ! പരിചരണവും കരുതലും ആഗ്രഹിക്കുന്ന ഘട്ടത്തിൽ താങ്ങായി ഒരു കൈ നല്കാൻ നമുക്ക് കഴിയണം.

ഈ വർഷത്തെ അന്താരാഷ്ട്ര വയോജന ദിനത്തിന്റെ വിഷയം “എല്ലാ പ്രായക്കാർക്കും ഡിജിറ്റൽ തുല്യത” എന്നതാണ്. പ്രായഭേദമില്ലാതെ എല്ലാവരും ഡിജിറ്റൽ ലോകത്തേക്ക് കടന്നുവരേണ്ടത് വളരെ അത്യാവശ്യമാണ്.

വാർദ്ധക്യത്തിലേക്ക് കടക്കുമ്പോൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും വാർധക്യസഹജമായ ബുദ്ധിമുട്ടുകളെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കാൻ കൂടി വേണ്ടിയാണു അന്താരാഷ്ട്ര വയോജന ദിനം നാം ആചരിക്കുന്നത്. പ്രായമായവർ സമൂഹത്തിന് നൽകുന്ന സംഭാവനകളെ അഭിനന്ദിക്കേണ്ട ദിവസം കൂടിയാണിത്.

2021ൽ അന്താരാഷ്ട്ര വയോജന ദിനത്തിന്റെ മുപ്പത്തിയൊന്നാം വാർഷികമാണ് ആഘോഷിക്കുന്നത്. അനുനിമിഷം വളർന്നുകൊണ്ടിരിക്കുന്ന ആധുനിക ലോകത്തെ പ്രായമാകുന്നവർ എങ്ങനെ നോക്കികാണുന്നുവെന്നും തിരിച്ച് ആധുനിക ലോകം പ്രായമായവരെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതും വളരെ പ്രസക്തമാണ്.

മാത്രമല്ല അറിവിന്റെയും അനുഭവത്തിന്റെയും കാര്യത്തിൽ ഒരു വിജ്ഞാനകോശമാണ് പ്രായമായവർ. നമ്മുടെ കുടുംബത്തിലാകട്ടെ സുഹൃത്തുക്കളാകട്ടെ പ്രായമായവർ നമുക്ക് ചുറ്റും ഉണ്ടാകുന്നത് ഒരു അനുഗ്രഹമാണ് അവർ. വീഴ്ചകളിൽ നിന്നും പാഠം പറഞ്ഞു തരാനും നമ്മെ ഉയർത്തെഴുന്നേൽപ്പിക്കാനും അവർക്ക് സാധിക്കാറുണ്ട്. ഒരു മാർഗനിർദേശിയായി പ്രായമായവർ നമ്മുടെ കൂടെ ഉണ്ടാകുന്നത് ഒരു ഭാഗ്യം തന്നെയാണ്.

പക്ഷെ പലപ്പോഴും ഇതെല്ലം നമുക്ക് അലോരസങ്ങളായി തോന്നും. പ്രായമായ മുത്തശ്ശീ മുത്തശ്ശന്മാരെപോലും മറന്നുപോകും. അറിയാതെ ആണെങ്കിൽ കൂടി അവഗണിക്കും. ഒക്ടോബർ 1 അന്തർദേശീയ വയോജന ദിനമായി പ്രഖ്യാപിക്കാനുള്ള ഒരു കാരണം തന്നെ അവരെ ഓർമ്മിക്കുന്നതിന് വേണ്ടിയായി മാറുന്നത് ഈ സന്ദർഭങ്ങളിലാണ്.

അതിനാൽ പ്രായമായവരെ അവഗണിക്കാതെ ഒപ്പം ചേർക്കുക. അവർക്കു വേണ്ടി അല്പസമയം മാറ്റിവെക്കുക. അവർക്കായി ഒരുപാടു കാര്യങ്ങൾ ചെയ്യാൻ നമുക്ക് സാധിക്കും. പ്രായമായെന്ന കാരണത്താൽ ഒരിക്കലും അവരെ മാറ്റി നിർത്താതിരിക്കുക. കുടുംബത്തിനും സമൂഹത്തിനും വേണ്ടി അവർ ചെയ്ത കാര്യങ്ങൾ തുടരാൻ അവർക്ക് സാധിക്കുമെങ്കിൽ അവരെ അതിനനുവദിക്കുക. പ്രായമായെന്ന ഒറ്റ കാരണത്താൽ അവർക്ക് വിലക്കുകൾ ഏർപ്പെടുത്താതിരിക്കുന്നത് തന്നെയായിരിക്കും അവരോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം.

കൂടാതെ കോവിഡ് പകർച്ചവ്യാധിക്കിടയിൽ പ്രായമായ ആളുകൾ നേരിടുന്ന വെല്ലുവിളികളും ചെറുത്തുനിൽപ്പുകളും മനസിലാക്കേണ്ടതുണ്ട് . അതിനാൽ തന്നെ അവരുടെ ആവശ്യങ്ങളെ അറിയുകയും അതിനുള്ള നടപടി എടുക്കേണ്ടതും വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്.

Related Articles

Latest Articles