Monday, September 28, 2026

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; യോഗ ഈ പ്രപഞ്ചത്തിനാകെ സമാധാനം നൽകുന്നു; യോഗ അഭ്യസിച്ച് പ്രധാനമന്ത്രി

ദില്ലി: ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. രാജ്യം 75 -ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇന്ന് എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനം ആഘോഷിക്കുകയാണ്. രാജ്യത്തെ 75 കേന്ദ്രങ്ങളിലായാണ് കേന്ദ്ര സർക്കാരിന്‍റെ യോഗ ദിന പരിപാടികൾ ഒരുക്കിയിരിക്കുന്നത്. യോഗ ദിനത്തിന്റെ ഭാഗമായി മൈസൂർ കൊട്ടാരത്തിൽ യോഗ അഭ്യസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12,000 ത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. മൈസൂർ മഹാരാജാവും മഹാറാണിയും പാലസ് ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നു. കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിലാണ് യോഗാഭ്യാസങ്ങൾ നടത്തുന്നത്.

യോഗ ഈ പ്രപഞ്ചത്തിനാകെ സമാധാനം നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രപഞ്ചം മുഴുവനും ആരംഭിക്കുന്നത് നമ്മുടെ ശരീരത്തിൽ നിന്നും ആത്മാവിൽ നിന്നുമാണ്. അതായത് പ്രപഞ്ചം ആരംഭിക്കുന്നത് നമ്മിൽ നിന്നാണ്. നമ്മുടെ ഉള്ളിലുള്ള എല്ലാ കാര്യങ്ങളെയും കുറിച്ച് യോഗ നമ്മെ ബോധവാന്മാരാക്കുകയും അവബോധം വളർത്തുകയും ചെയ്യുന്നുവെന്ന് അന്താരാഷ്‌ട്ര യോഗാദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് പറഞ്ഞു.

ജീവിതത്തിൽ സമാധാനമുള്ള മനുഷ്യരാണ് സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക. യോഗയ്‌ക്ക് നമ്മുടെ എല്ലാവരുടെയും പ്രശ്നപരിഹാരമായി മാറാൻ കഴിയുന്നതും കൂടാതെ ആളുകളെയും രാജ്യങ്ങളെയും ബന്ധിപ്പിക്കാൻ കഴിയുന്നത് അങ്ങനെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, നെഹ്റു യുവകേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ ഘടകം, സെന്റ് തോമസ് കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലാതല യോഗ ദിനാചരണ പരിപാടികള്‍ തൃശൂര്‍ സെന്റ് തോമസ് കോളജിലെ ജോണ്‍ പാലോക്കരന്‍ സ്‌ക്വയറില്‍ നടക്കുകയാണ്. യോഗ പരിശീലന പരിപാടിക്ക് ഷാജി വരവൂരിന്റെ നേതൃത്വത്തില്‍ യോഗാചാര്യന്‍മാര്‍ നേതൃത്വം നല്‍കി. 8 മണിക്ക് യോഗാ യുവജന കണ്‍വെന്‍ഷനും ജില്ലാതല ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ എന്നിവര്‍ പരിപാടിയിൽ അതിഥികളായി എത്തി. യോഗ പരിശീലനത്തിലും കണ്‍വെന്‍ഷനിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും 200 യുവതിയുവാക്കള്‍ പങ്കെടുക്കുന്നുണ്ട്.

 

 

 

Related Articles

Latest Articles