Friday, April 26, 2024
spot_img

സൈന്യത്തിന്റെ ആയുധങ്ങള്‍ കൈക്കലാക്കി 21 പേരെ കൊലപ്പെടുത്തിയ തായ് സൈനികനെ സൈന്യം വധിച്ചു

ബാങ്കോക്ക്: ഷോപ്പിംഗ് മാളില്‍ 21 പേരെ വെടിവച്ചു കൊന്ന സൈനികനെ വധിച്ചു. തായിലാന്‍ഡിലെ വടക്കു കിഴക്കന്‍ പട്ടണമായ രച്ചസിമയിലെ ഷോപ്പിംഗ് മാളിലാണ് ആക്രമണം നടന്നത്. കൂട്ടക്കൊല നടത്തിയ 32 കാരനായ സെര്‍ജന്റ് മേജര്‍ ജക്രപന്ത് തൊമ്മയെയാണ് സൈന്യം വെടിവച്ചുകൊന്നത്. തായ്ലാന്‍ഡ് ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

സൈനിക ബാരക്കില്‍ നിന്ന് വാഹനവും ആയുധങ്ങളും മോഷ്ടിച്ച് ശനിയാഴ്ച വൈകിട്ടോടെയാണ് ഇയാള്‍ നഗരത്തിലെ തിരക്കുള്ള ഷോപ്പിംഗ് മാളിലെത്തിയത്. തുടര്‍ന്ന് കണ്ണില്‍ കണ്ടവരെയൊക്കെ വെടിവച്ചു കൊല്ലുകയും നിരവധിപേരെ ബന്ദികളാക്കുകയും ചെയ്തു.കൂട്ടക്കൊലയുടെ ലൈവ് വീഡിയോയും ചിത്രങ്ങളും ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

‘ഞാന്‍ കീഴടങ്ങണോ?’, ‘മരണത്തില്‍ നിന്നാര്‍ക്കും രക്ഷപ്പെടാനാകില്ല’എന്നിങ്ങനെയുള്ള ക്യാപ്ഷനുകളും ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിരുന്നു. ഇയാളുടെ അക്കൗണ്ട് ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്.സംഭവമറിഞ്ഞ് തായ് സൈന്യത്തിലെ നൂറുകണക്കിന് സൈനികരാണ് മാളിലേക്ക് എത്തിയത്.

ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് മേജര്‍ ജക്രപന്ത് തൊമ്മയെ സൈന്യം വെടിവച്ചു കൊന്നത്. അക്രമിയെ കീഴ്പ്പെടുത്താനുള്ള സൈനിക നടപടിക്കിടെ നടന്ന വെടിവയ്പ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ജക്രപന്ത് നടത്തിയ ആക്രമണത്തില്‍ 33 പേര്‍ക്ക് പരിക്കേറ്റിരുന്നു.

Related Articles

Latest Articles