Thursday, November 26, 2026

നിക്ഷേപ സമാഹരണം; മുഖ്യമന്ത്രി തെലുങ്കാനക്ക് വണ്ടി കയറുമ്പോൾ

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേരളത്തിലില്ല. അദ്ദേഹം അമേരിക്കയിലേക്ക് പോയിക്കാണും എന്ന് കരുതേണ്ട മുഖ്യമന്ത്രി പോയത് തെലങ്കാനയിലേക്കാണ്. സിപിഎം കേന്ദ്ര കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ടാണ് സിഎം തെലങ്കാനയിലേക്ക് പോയതെങ്കിലും ഈ യാത്രക്ക് മറ്റൊരു ഉദ്ദേശ്യമുണ്ട്. കേരളം വ്യവസായ സൗഹൃദമല്ലെന്ന് പ്രഖ്യാപിച്ച് കിറ്റെക്‌സ് നാടുവിട്ടത് മുഖ്യമന്ത്രിക്കും സർക്കാരിനും പാർട്ടിക്കും ഉണ്ടായ ക്ഷീണം ചെറുതല്ല. കിറ്റെക്സിന് ചുവന്ന പരവതാനി വിരിച്ചത് തെലങ്കാനയായിരുന്നു എന്ന് നമുക്കെല്ലാവർക്കുമറിയാം. സംഗതി മുഖ്യന്റെ മനസ്സിന്റെ ഒരു കോണിൽ ഇങ്ങനെ നീറിപ്പുകയുകയാണ്. അതുകൊണ്ട് ഇത്തവണ തെലങ്കാനയിലേക്ക് പോയത് പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുത്ത് പരിപ്പുവടയും കട്ടൻ ചായയും കുടിക്കാൻ മാത്രമല്ല. ഒരു കിറ്റെക്സിന് പകരമായി അൻപത് വ്യവസായികളെ തെലങ്കാനയിൽ നിന്ന് കേരളത്തിലേക്കെത്തിക്കണം എന്നതാണ് ലക്ഷ്യം. ചീഫ് സെക്രട്ടറിയും ജോൺ ബ്രിട്ടാസ് എം പി യും കൂടെയുണ്ട്. തെലങ്കാനയിൽ വച്ച് അമ്പതോളം വ്യവസായികൾ പങ്കെടുക്കുന്ന നിക്ഷേപ സംഗമം സംഘടിപ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

വിവിധ മേഖലകളിലുള്ള വ്യവസായ സാധ്യതകൾ ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. തെലങ്കാനയിലെ വ്യവസായ സാധ്യതകളെ കുറിച്ച് മനസ്സിലാക്കി, കേരളം വ്യവസായ സൗഹൃദമാണെന്ന് ബോധ്യപ്പെടുത്തി എങ്ങിനെയും 50 വ്യവസായികളെ കേരളത്തിൽ എത്തിക്കണം. നടന്നത് തന്നെ. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി കോർപ്പറേറ്റുകളുമായി ഇരുന്ന് വ്യവസായ നിക്ഷേപത്തെ പറ്റി സംസാരിക്കുമ്പോൾ എന്താണ് നടക്കാൻ പോവുക എന്ന് ഈ നാട്ടുകാർക്കറിയാം. ആരോ ചന്തക്കു പോയപോലെ തിരിച്ചു വരും. കാരണം വ്യവസായ സൗഹൃദം അങ്ങോട്ട് ചെന്ന് ബോധ്യപ്പെടുത്താനുള്ളതല്ല. കേരളത്തിൽ നടക്കുന്നതെന്താണ് എന്ന് നന്നായി അറിയാവുന്നവരാണല്ലോ മുഖ്യൻ കാണാൻ പോകുന്ന കോർപറേറ്റുകൾ. സത്യത്തിൽ കേരളം നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾക്കെല്ലാമുള്ള ഏക ഉത്തരമാണ് നിക്ഷേപം. ദേശീയ ശരാശരിയിലും താഴ്ന്ന നിക്ഷേപമാണ് കേരളത്തിന്റേത്. തൊഴിലില്ലായ്മ്മയിൽ ഒന്നാം സ്ഥാനത്താണ് കേരളം. ഈ സമസ്യയുടെ ഏക പരിഹാരമാണ് സ്വകാര്യ നിക്ഷേപം. സമൂഹത്തിൽ വർധിച്ചുവരുന്ന മത തീവ്രവാദത്തിനും രാഷ്ട്രീയ സംഘർഷങ്ങൾക്കും പരിഹാരമാണ് നിക്ഷേപം. സമൂഹത്തെ സംഘർഷപൂരിതമാക്കുന്നത് നിക്ഷേപത്തിന്റെ അഭാവമാണ്. നിക്ഷേപത്തിന് സമൂഹത്തെ സംഘർഷ രഹിതമാക്കാനാകും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഗുജറാത്ത്. വർഗ്ഗീയ സംഘർഷങ്ങളുടെ നാടെന്നു പേരുകേട്ടിരുന്ന ഗുജറാത്തിനെ ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ ഭൂമിയാക്കിയത് അവിടെ സംഘടിപ്പിക്കപ്പെട്ട വൈബ്രൻറ് ഗുജറാത്ത് നിക്ഷേപ സംഗമങ്ങളാണ്. അവിടത്തെ സർക്കാർ ഒരുക്കിയ നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ്. ഈ നിക്ഷേപം തൊഴിലിലേക്കും സമ്പത്സമൃദ്ധിയിലേക്കും ശാന്തമായ സാമൂഹിക അന്തരീക്ഷത്തിലേക്കും നയിച്ചു. പിന്നെയൊരു വർഗ്ഗീയ ലഹള ഗുജറാത്തിൽ നമ്മളാരും കേട്ടില്ല. ഈ മാതൃക പിന്നീട് നിരവധി സംസ്ഥാനങ്ങൾ പിന്തുടർന്ന് വിജയിച്ചു. പക്ഷെ കേരളം ഇപ്പോഴും കാലണയുടെ പ്രയോജനമില്ലാത്ത ലോക കേരള സഭയുടെ നടത്തിപ്പിലാണ്. സ്വകാര്യ നിക്ഷേപത്തോടുള്ള അറപ്പും വെറുപ്പും മാറാതെ ഈ സമൂഹം വ്യവസായ സൗഹൃദം ആകാൻ പോകുന്നില്ല. അങ്ങിനെ ആകാത്തിടത്തോളം എത്ര ബോധ്യപ്പെടുത്തിയാലും മാറാത്ത പേരുദോഷം ഈ സംസ്ഥാനത്തിനുണ്ടാകും.

Related Articles

Latest Articles