Thursday, January 8, 2026

ഇറാ ഖാനും നൂപുർ ശിഖരെയും വിവാഹിതരായി; കുടുംബത്തിന്റെ സാന്നിധ്യത്തിൽ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്ത് ആമിർ ഖാന്റെ മകൾ

മുംബൈ: ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി. ഫിറ്റ്‌നെസ് ട്രെയിനറും സുഹൃത്തുമായ നുപൂർ ശിഖരെയാണു വരൻ. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു ഇരുവരും വിവാഹിതരായത്. മുംബൈയിലെ ബാന്ദ്രയിലെ താജ് ലാൻഡ്സ് എൻഡിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ഇന്നലെയാണ് ഇരുവരും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക് കടന്നത്.

ആമിർ ഖാന്റെ മകൾ ഇറാ ഖാന്റെയും നൂപുർ ശിഖരെയുടെയും വിവാഹത്തിന് പ്രത്യേക അതിഥികളായ മുകേഷ് അംബാനിയും നിത അംബാനിയും എത്തിയിരുന്നു. വിവാഹ ആഘോഷങ്ങൾക്കായി എത്തിയ മുകേഷിനെയും നിത അംബാനിയെയും ആമിർ ഖാനും കിരൺ റാവുവും നേരിട്ട് സ്വീകരിച്ചു.

വിവാഹത്തിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായി ദീപാലങ്കാരത്തിൽ കുളിച്ചുനിൽക്കുന്ന താരത്തിന്റെ വീട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അതേസമയം, കഴിഞ്ഞ സെപ്റ്റംബറിൽ ഇറ്റലിയിലായിരുന്നു ഇറയും നുപൂറും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നവംബറിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത നിശ്ചയവിരുന്നും നടന്നു.

Related Articles

Latest Articles