Monday, May 20, 2024
spot_img

ബ്രിട്ടണുവേണ്ടി ചാരവൃത്തിനടത്തിയെന്നാരോപിച്ച്, മുൻ പ്രതിരോധ സഹമന്ത്രിയെ തൂക്കിലേറ്റി ഇറാൻ ഭരണകൂടം

ടെഹ്‌റാൻ: ചാരവൃത്തി നടത്തിയെന്നാരോപിച്ച് മുൻ പ്രതിരോധ-വിദേശകാര്യ വകുപ്പ് സഹമന്ത്രിയും ബ്രിട്ടീഷ് ഇറാൻ പൗരനുമായ അലിറേസ അക്ബറിയെ ഇറാൻ ഭരണകൂടം തൂക്കിലേറ്റി. രഹസ്യ വിവരങ്ങൾ കൈമാറിയതിലൂടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടെന്ന ഗുരുതര കുറ്റമാണ് അലിറേസ അക്ബറിക്കെതിരെ ചുമത്തിയിരുന്നത്.

ബ്രിട്ടീഷ് ചാരസംഘടനയായ എം16-ന് വേണ്ടി ചാരവൃത്തിയിൽ ഏർപ്പെട്ടെന്നാണ് ഇദ്ദേഹത്തിനെ ഉയർന്ന ആരോപണം. അക്ബറിയുടെ വധശിക്ഷ പ്രാകൃതമാണെന്നും ഇതിന് ഇറാൻ മറുപടി അർഹിക്കുന്നുണ്ടെന്നും ബ്രിട്ടൺ പ്രതികരിച്ചു. നേരത്തെ ഇറാൻ പരമോന്നത കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു.

ഇറാൻ പ്രതിരോധ മേഖലയിൽ സുപ്രധാന സ്ഥാനങ്ങൾ കൈകാര്യം ചെയ്യ്‌തിരുന്ന വ്യക്തിയാണ് അക്ബറി. പ്രതിരോധ-വിദേശകാര്യ വകുപ്പുകളിൽ സഹമന്ത്രിയായും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അംഗമായും അക്ബറി പ്രവർത്തിച്ചിട്ടുണ്ട്. ഇറാൻ സർക്കാർ അനുകൂല മാദ്ധ്യമങ്ങൾ പുറത്തുവിട്ട കുറ്റസമ്മത വീഡിയോയിൽ ബ്രിട്ടണുവേണ്ടി ചാരവൃത്തി ചെയ്തതായി അദ്ദേഹം സമ്മതിക്കുന്നുണ്ട്. 2019-ലാണ് അക്ബറിയെ ഇറാൻ സർക്കാർ തടവിലാക്കുന്നത്.

Related Articles

Latest Articles