Monday, May 20, 2024
spot_img

നിർബന്ധിത ഹിജാബ്: വസ്ത്രങ്ങൾ അഴിച്ചുമാറ്റി ഇറാനിയൻ നടിയുടെ പ്രതിഷേധം

ടെഹ്റാൻ: ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധത്തെ പിന്തുണച്ച് ഇറാനിയൻ നടൻ എൽനാസ് നൊറൂസി രം​ഗത്ത്. വസ്ത്രമഴിക്കുന്ന വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്താണ് എൽനാസ് നൊറൂസി പ്രതിഷേധിച്ചത്. എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം സ്ത്രീക്ക് ഉണ്ടായിരിക്കണമെന്ന കാര്യം വ്യക്തമാക്കാനാണ് വസ്ത്രങ്ങൾ അഴിക്കുന്നതെന്നും ഇവർ പറഞ്ഞു. ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തെക്കുറിച്ചും എൽനാസ് നൊറൂസി പ്രതികരിച്ചു. ഇറാനിലെ സ്ഥിതി വളരെ മോശമാണെന്ന് എൽനാസ് നൊറൂസി പറഞ്ഞു. 40 വർഷത്തിലേറെയായി സ്ത്രീകൾ അടിച്ചമർത്തപ്പെടുന്നു. ഞാൻ ജനിച്ചത് ടെഹ്‌റാനിലാണെന്നും സ്ത്രീകളെ അടിച്ചമർത്തുന്നതുകണ്ടിട്ടുണ്ടെന്നും ചെറുപ്പം മുതലേ ഹിജാബ് ധരിക്കേണ്ടി വന്നെന്നും അവർ പറഞ്ഞു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് തന്നെയും ഹിജാബിന്റെ പേരിൽ ടെഹ്‌റാനിൽ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെന്നും ഇറാനിയൻ താരം പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാ​ഗമായി എൽനാസ് നൊറൂസി ഹിജാബ്, ബുർഖ എന്നിവ അഴിച്ചുമാറ്റി അടിവസ്ത്രമടക്കം നീക്കം ചെയ്തു. ജീവിക്കാൻ ഭയപ്പെടുത്തുന്ന സ്ഥലമാണ് ഇറാനെന്നും സ്ഥിതി സങ്കടകരമാണെന്നും സ്ത്രീകൾ ഇതുപോലെ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഇവർ പറഞ്ഞു.

ലോകത്തെവിടെയും സ്ത്രീകൾക്ക് സ്വന്തമായി തീരുമാനമെടുക്കാൻ അനുവദിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. അവർ മുടി മറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതും മുടി മറയ്ക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അതും അനുവദിക്കണം. വസ്ത്രധാരണം സ്ത്രീയുടെ സ്വന്തം തീരുമാനമായിരിക്കണമെന്നും അതാണ് ഇറാനിയൻ ജനത പ്രതീക്ഷിക്കുന്നതെന്നും നടി പറഞ്ഞു.

ആഴ്ചകളായി ഇറാനില്‍ തുടരുന്ന പ്രതിഷേധത്തിനിടെ ഇന്നലെ രണ്ട് സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഇതോടെ മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ ആരംഭിച്ച പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ എണ്ണം 185 ആയി. ഇതില്‍ 19 കുട്ടികളും ഉള്‍പ്പെടുന്നു. കുര്‍ദ് വംശജയായ 22 വയസുകാരി മഹ്സ അമിനി, സഹോദരനൊപ്പം ടെഹ്റാനിലെത്തിയപ്പോള്‍ ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മതപൊലീസ് ഇവരെ ക്രൂരമായ മര്‍ദ്ദനത്തിന് വിധേയയാക്കിയിരുന്നു. മര്‍ദ്ദനത്തിന് പിന്നാലെ സെപ്തംബർ 16 ന് മഹ്സ മരണത്തിന് കീഴടങ്ങി. തുടര്‍ന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

Related Articles

Latest Articles