Tuesday, November 24, 2026

ഉപരോധങ്ങൾക്കിടെയും ഇന്ത്യയിലേക്ക് ഇറാനിയൻ എണ്ണയെത്തി; ഏഴ് വർഷത്തിന് ശേഷം കപ്പലുകൾ തീരമടുത്തു

​ന്യൂഡൽഹി: ആഗോള രാഷ്ട്രീയത്തിലെ ചതുരംഗക്കളികൾക്കിടയിൽ ഏഴ് വർഷത്തെ ഇടവേള അവസാനിപ്പിച്ചുകൊണ്ട് ഇറാനിയൻ എണ്ണക്കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ ചരക്കിറക്കി. അമേരിക്കൻ ഉപരോധങ്ങളിൽ ലഭിച്ച പ്രത്യേക ഇളവുകൾ പ്രയോജനപ്പെടുത്തിയാണ് ഇന്ത്യയുടെ ഈ നീക്കം. ഒഡീഷയിലെ പാരദീപ്, ഗുജറാത്തിലെ സിക്ക എന്നിവിടങ്ങളിലായി എത്തിയ രണ്ട് കൂറ്റൻ ടാങ്കറുകൾ 40 ലക്ഷത്തോളം ബാരൽ അസംസ്‌കൃത എണ്ണയാണ് വഹിക്കുന്നത്.

2019-ന് ശേഷം യുഎസ് സമ്മർദ്ദത്തെ തുടർന്ന് ഇന്ത്യ ഇറാനുമായുള്ള എണ്ണ വ്യാപാരം പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയായിരുന്നു.എന്നാൽ, ഈ ഇളവുകളുടെ കാലാവധി ഏപ്രിൽ 19-ന് അവസാനിക്കാനിരിക്കെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. പാകിസ്ഥാനിൽ വെച്ച് നടന്ന ഇറാൻ-യുഎസ് സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ ഇറാന് മേൽ അമേരിക്ക കടുത്ത നാവിക ഉപരോധം പ്രഖ്യാപിച്ചു കഴിഞ്ഞു. ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് യുഎസ്എസ് ട്രിപ്പോളി ഉൾപ്പെടെയുള്ള പതിനഞ്ചിലധികം യുദ്ധക്കപ്പലുകളെ വിന്യസിച്ചുകൊണ്ട് ഇറാനിയൻ തുറമുഖങ്ങളെ നിശ്ചലമാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ചൈന ഇറാനുമായി സൈനിക സഹകരണം വർദ്ധിപ്പിക്കുന്നു എന്ന റിപ്പോർട്ടുകളും ഇതിന് പിന്നിലുണ്ട്.

​അതിർത്തിയിലെ ഈ സംഘർഷാവസ്ഥ ആഗോള എണ്ണവിപണിയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചർച്ചകൾ വഴിമുട്ടിയതോടെ അസംസ്‌കൃത എണ്ണവില വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ബ്രെന്റ് ക്രൂഡ് 102.30 ഡോളറിലും ഡബ്ല്യു.ടി.ഐ 104.2 ഡോളറിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഇറക്കുമതിക്കായി പുതിയ വഴികൾ തേടുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിലവിലെ ഈ സാഹചര്യം വലിയ സാമ്പത്തിക വെല്ലുവിളിയാണ് ഉയർത്തുന്നത്.

Related Articles

Latest Articles